ഇന്ത്യ ഫിഫ ലോകകപ്പിൽ തീർച്ചയായും കളിക്കും; തെലങ്കാന താരങ്ങൾ ആ ടീമിലുണ്ടാകും: രേവന്ത് റെഡ്ഢി

ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ച് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. ഭാവിയിൽ ഇന്ത്യൻ ഫുട്ബോൾ ടീം ഫിഫ ലോകകപ്പ് ഫൈനലിൽ കളിക്കുക മാത്രമല്ല, ലോകകപ്പിന് ആതിഥേയത്വം വഹിക്കുകയും ചെയ്യുമെന്ന ആത്മവിശ്വാസമാണ് അദ്ദേഹം പ്രകടിപ്പിച്ചത്.

അർജന്റീനയും സ്പെയിനും തമ്മിലുള്ള ഫിഫ ലോകകപ്പ് ഫൈനലിന്റെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഫുട്ബോളിനോടുള്ള തന്റെ പ്രിയം വ്യക്തമാക്കിയ അദ്ദേഹം, ഭാവിയിൽ ലോകകപ്പ് കളിക്കുന്ന ഇന്ത്യൻ ടീമിൽ തെലങ്കാനയിൽ നിന്നുള്ള നിരവധി താരങ്ങൾ ഇടംപിടിക്കുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.

“ഇത് ഓർക്കുക… ഭാവിയിലെ നിരവധി ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ തെലങ്കാനയിൽ നിന്നായിരിക്കും വരിക,” എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. ഫിഫ ലോകകപ്പിനോടുള്ള തന്റെ പിന്തുണയ്ക്ക് പിന്നിൽ ദീർഘകാല കായിക വികസനത്തെ ലക്ഷ്യമിട്ടുള്ള കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ ഹൈദരാബാദിലെത്തിച്ച് തെലങ്കാനയിലെ കുട്ടികളോടൊപ്പം മൈതാനത്ത് ഇറക്കണമെന്ന തന്റെ ആഗ്രഹവും രേവന്ത് റെഡ്ഡി പങ്കുവെച്ചു. ഒടുവിൽ, ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ഫൈനൽ മത്സരം ആവേശത്തോടെ ആസ്വദിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

മറുപടി രേഖപ്പെടുത്തുക