റാമായാലും റഹീമായാലും രവീന്ദറായാലും റോബിനായാലും തുല്യ അവകാശങ്ങൾ; യൂണിഫോം സിവിൽ കോഡ് കരടിന് മധ്യപ്രദേശ് മന്ത്രിസഭയുടെ അംഗീകാരം

ഏകീകൃത സിവിൽ കോഡ് (യൂണിഫോം സിവിൽ കോഡ് – യു.സി.സി.) ബില്ലിന്റെ കരടിന് മധ്യപ്രദേശ് മന്ത്രിസഭ അംഗീകാരം നൽകി. മുഖ്യമന്ത്രി മോഹൻ യാദവിന്റെ അധ്യക്ഷതയിൽ ജഗദീഷ്പൂരിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംസ്ഥാന നിയമസഭയുടെ മൺസൂൺ സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ ബിൽ സഭയിൽ അവതരിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു.

മന്ത്രിസഭ ഏകകണ്ഠമായാണ് കരടിന് അംഗീകാരം നൽകിയതെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് വ്യക്തമാക്കി. ഭരണഘടന മുന്നോട്ടുവെക്കുന്ന സമത്വ സങ്കൽപ്പത്തോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ബിൽ പ്രതിഫലിപ്പിക്കുന്നതെന്നും, ചരിത്രപരമായ ഇന്ത്യൻ മൂല്യങ്ങളെയും ഇത് ഉയർത്തിക്കാട്ടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് യൂണിഫോം സിവിൽ കോഡിന് വലിയ ജനപിന്തുണ ലഭിച്ചതായി മുഖ്യമന്ത്രി അവകാശപ്പെട്ടു. ജനസംഖ്യയുടെ 93 ശതമാനത്തിലധികം പേരും നിയമത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും, ഭൂരിഭാഗം സ്ത്രീകളും അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. 80 ശതമാനം മുസ്ലിം സ്ത്രീകളും 40 ശതമാനം മുസ്ലിം പുരുഷന്മാരും ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ചതായി അദ്ദേഹം അവകാശപ്പെട്ടു. ബില്ലിനെ അനുകൂലിച്ച് മൂന്ന് കോടി എസ്‌എം‌എസ് സന്ദേശങ്ങളും അച്ചടി, ദൃശ്യ-ശ്രാവ്യ, സാമൂഹിക മാധ്യമങ്ങളിലൂടെയും പിന്തുണ ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനാഭിപ്രായം ശേഖരിക്കുന്നതിനായി ഏപ്രിൽ 27-ന് ഏഴംഗ സമിതി രൂപീകരിച്ചിരുന്നുവെന്നും, വിവിധ വിഭാഗങ്ങളിൽ നിന്ന് ആകെ 9.58 ലക്ഷം നിർദേശങ്ങൾ ലഭിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിനൊപ്പം, യൂണിഫോം സിവിൽ കോഡ് നിലവിൽ നടപ്പാക്കിയിട്ടുള്ള മറ്റ് സംസ്ഥാനങ്ങളിലെ മാതൃകകളും സമിതി പഠിച്ചതായും അദ്ദേഹം പറഞ്ഞു.

വിവേചനം ഇല്ലാതാക്കി എല്ലാ സമുദായങ്ങളെയും ഒരേ നിയമപരമായ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരികയാണ് ബില്ലിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. “റാമായാലും റഹീമായാലും രവീന്ദറായാലും റോബിനായാലും എല്ലാവർക്കും തുല്യ അവകാശങ്ങൾ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ഉദ്ദേശ്യം,” എന്നും മോഹൻ യാദവ് പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക