സ്വർണത്തോടുള്ള ഇന്ത്യക്കാരുടെ വലിയ താൽപര്യം ലക്ഷ്യമിട്ട് റഷ്യൻ പണയക്കട ശൃംഖല ഇന്ത്യയിൽ സാന്നിധ്യം ശക്തമാക്കാൻ ഒരുങ്ങുന്നു. റഷ്യൻ കമ്പനിയായ മോസ്‌ഗോർലോംബാർഡിന്റെ ഹോൾഡിംഗ് കമ്പനിയായ പിജെഎസ്‌സി എംജികെഎൽ , ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ പ്രവർത്തനം ആരംഭിക്കാനുള്ള പദ്ധതിയുമായി രംഗത്തെത്തി.
അന്താരാഷ്ട്ര ധനകാര്യ സേവന കേന്ദ്രമായ ഗിഫ്റ്റ് സിറ്റിയിൽ രജിസ്റ്റർ ചെയ്ത് ഇന്ത്യയിലെ മൂലധന വിപണിയിലേക്ക് പ്രവേശിക്കാനാണ് എംജികെഎൽ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ സ്വർണവും വെള്ളിയും വാങ്ങുന്നതിനും വിൽക്കുന്നതിനുമായി ഓട്ടോമേറ്റഡ് ടെർമിനലുകൾ സ്ഥാപിക്കാനാണ് പദ്ധതി. തുടർന്ന് സ്വർണം ഈടായി സ്വീകരിച്ച് വായ്പ നൽകുന്ന മേഖലയിലേക്കും കടക്കാനാണ് കമ്പനിയുടെ നീക്കം.
ഇന്ത്യൻ കുടുംബങ്ങളുടെ കൈവശം വലിയ തോതിൽ സ്വർണമുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഇന്ത്യൻ കുടുംബങ്ങളുടെ കൈവശം ഏകദേശം 34,000 ടൺ സ്വർണമുണ്ടായിരുന്നുവെന്നും അതിന്റെ മൂല്യം അഞ്ച് ട്രില്യൺ ഡോളറിന് സമീപമാണെന്നും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ സ്വർണ വായ്പാ വിപണിയിൽ നൂറുകണക്കിന് ബില്യൺ ഡോളറിന്റെ സാധ്യതകളാണ് നിലവിലുള്ളത്.
നിലവിൽ ഗാർഹിക സ്വർണത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് വായ്പയ്ക്കായി ഉപയോഗിക്കുന്നതെന്നും, അതിനാൽ ഈ മേഖലയിലെ വളർച്ചയ്ക്ക് വലിയ സാധ്യതയുണ്ടെന്നും എംജികെഎൽ വിലയിരുത്തുന്നു.
ആഭരണങ്ങൾ, രോമ ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ ഈടായി സ്വീകരിച്ച് ഹ്രസ്വകാല വായ്പകൾ നൽകുന്ന റഷ്യയിലെ പ്രമുഖ പണയക്കട ശൃംഖലകളിലൊന്നാണ് മോസ്‌ഗോർലോംബാർഡ്. വിലയേറിയ ലോഹങ്ങളുടെ മൊത്തവ്യാപാരം, വാങ്ങൽ, സംസ്കരണം തുടങ്ങിയ മേഖലകളിലും കമ്പനി പ്രവർത്തിക്കുന്നുണ്ട്.
ഇന്ത്യയിലെ സ്വർണം അടിസ്ഥാനമാക്കിയുള്ള വായ്പാ വിപണിയുടെ വലുപ്പവും വളർച്ചാ സാധ്യതകളും കണക്കിലെടുത്താണ് പുതിയ നീക്കമെന്ന് എംജികെഎൽ സിഇഒ അലക്സി ലാസുട്ടിൻ വ്യക്തമാക്കി. സ്വർണ ഇടപാടുകൾക്ക് കൂടുതൽ സൗകര്യപ്രദവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ സംവിധാനങ്ങൾക്ക് ഇന്ത്യയിൽ ആവശ്യകത വർധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഏപ്രിലിൽ ഇന്ത്യൻ റേറ്റിംഗ് ഏജൻസിയായ കെയർഎഡ്ജ് ഗ്ലോബൽ എംജികെഎല്ലിന് സ്ഥിരതയുള്ള കാഴ്ചപ്പാടോടെ ബി- ദീർഘകാല പ്രാദേശിക കറൻസി ക്രെഡിറ്റ് റേറ്റിംഗ് നൽകിയിരുന്നു.
സിംഗപ്പൂരിലെ മറീന ബേ, ദുബായിലെ ഡിഐഎഫ്സി തുടങ്ങിയ ആഗോള സാമ്പത്തിക കേന്ദ്രങ്ങളുടെ മാതൃകയിൽ വികസിപ്പിച്ച ഗിഫ്റ്റ് സിറ്റിയിലെ സ്ഥാപനങ്ങൾക്ക് വിദേശ കറൻസികളിൽ ഇടപാട് നടത്താനും വിവിധ നികുതി ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനും സാധിക്കും. നിലവിൽ ഗിഫ്റ്റ് സിറ്റിയിലെ ബാങ്കിംഗ് ആസ്തികളുടെ മൂല്യം 100 ബില്യൺ ഡോളറിന് മുകളിലാണെന്നാണ് കണക്കുകൾ.
