കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിയമിക്കണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡിനോട് ആവശ്യപ്പെടാൻ മുസ്ലിം ലീഗ് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പി.കെ. കുഞ്ഞാലിക്കുട്ടി ഉച്ചയോടെ തിരുവനന്തപുരത്തെത്തി, വൈകീട്ട് എഐസിസി നിരീക്ഷകരുമായി കൂടിക്കാഴ്ച നടത്തും.
യോഗത്തിൽ മുസ്ലീം ലീഗിന്റെ ഔദ്യോഗിക നിലപാട് അറിയിക്കുമെന്നാണ് സൂചന. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പി.എം.എ. സലാം തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്ത് പാർട്ടി നേതാക്കളുമായി ചർച്ചകൾ നടത്തുന്നുണ്ട്. സംസ്ഥാനത്തെ ജനവികാരം വി.ഡി. സതീശന് അനുകൂലമാണെന്നും, യുഡിഎഫിന്റെ വൻ വിജയത്തിന് പിന്നിൽ അദ്ദേഹത്തിന്റെ ശക്തമായ നേതൃത്വവും അധ്വാനവുമാണ് പ്രധാന കാരണമെന്നും ഹൈക്കമാൻഡിന്റെ പ്രതിനിധികളെ ബോധ്യപ്പെടുത്താനാണ് ലീഗിന്റെ ശ്രമം.
മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ നേരിട്ട് ഇടപെടാതിരിക്കാനായിരുന്നു ഇതുവരെ മുസ്ലീം ലീഗ് സ്വീകരിച്ച നിലപാട്. എന്നാൽ മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ ഘടകകക്ഷികളുടെ അഭിപ്രായവും ഹൈക്കമാൻഡ് തേടാൻ തീരുമാനിച്ചതോടെ, വി.ഡി. സതീശന് പിന്തുണ ശക്തമായി അറിയിക്കാൻ ലീഗ് ഇപ്പോൾ സജീവമായിരിക്കുകയാണ്.
