പൊലീസുകാര്‍ ഞങ്ങള്‍ക്ക് പുല്ലാ… പിന്നെയാ ഫോറസ്റ്റുകാർ; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ എം എം മണി

വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം മണി. ഇടുക്കി കഞ്ഞിക്കുഴി മേഖലയിൽ റവന്യൂ ഭൂമി വനംവകുപ്പ് കൈയേറുന്നുവെന്ന ആരോപണവുമായി കർഷക സംഘം നടത്തിയ പ്രതിഷേധ പരിപാടിയിലായിരുന്നു മണിയുടെ വിവാദ പരാമർശങ്ങൾ.

വനംവകുപ്പ് ഉദ്യോഗസ്ഥർ പൊലീസ് ചമയേണ്ടെന്നും ജനങ്ങളോട് മാന്യമായി പെരുമാറിയാൽ കാര്യങ്ങൾ അതേ രീതിയിൽ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. അല്ലാത്തപക്ഷം ശക്തമായി പ്രതികരിക്കേണ്ടിവരുമെന്നും നിയമം കൈയിലെടുക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും എം.എം മണി മുന്നറിയിപ്പ് നൽകി.

“പൊലീസുകാർ ഞങ്ങൾക്ക് പുല്ലാ , പിന്നെയല്ലേ ഫോറസ്റ്റുകാർ” എന്ന തരത്തിലായിരുന്നു മണിയുടെ പരാമർശം. ഉദ്യോഗസ്ഥർക്ക് കുടുംബമുണ്ടെന്നും ജനങ്ങളെ ഉപദ്രവിച്ചാൽ തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വനംവകുപ്പ് റവന്യൂ ഭൂമി കൈയേറുകയും പ്രദേശവാസികളെ കുടിയൊഴിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഇതിന്റെ ഭാഗമായാണ് മകരംപാറ ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയത്.

മുഖ്യമന്ത്രി വി.ഡി. സതീശനെയും പരാമർശിച്ച മണി, രാഷ്ട്രീയ വിമർശനങ്ങളും ഉന്നയിച്ചു. പ്രതിഷേധത്തിനിടെയുണ്ടായ എം.എം മണിയുടെ പ്രസംഗം സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചയായിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക