യൂട്യൂബർ തൊപ്പിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്; വിദേശത്തേക്ക് കടക്കാൻ സാധ്യത കണക്കിലെടുത്ത് പൊലീസ് നടപടി

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ ‘തൊപ്പി’ എന്നറിയപ്പെടുന്ന നിഹാദിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ചോദ്യം ചെയ്യലിനായി ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മറുപടി നൽകിയ ശേഷം നിഹാദ് ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാൻ വിളിപ്പിച്ചിരുന്ന തൊപ്പിയുടെ സുഹൃത്തുക്കളും ഇതുവരെ ഹാജരായിട്ടില്ല. ഇതിനിടെ നിഹാദിന്റെ പാസ്‌പോർട്ട് വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുവെന്നടക്കമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം റൂറൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചത്. അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന നൽകിയ പരാതിയെ തുടർന്നാണ് നടപടി. തൊപ്പിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ച ശേഷമാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം വ്യാപിപ്പിച്ചത്.

കേസിൽ നിഹാദ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് എറണാകുളം റൂറൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമാണ് നടന്നതെന്നാണ് പൊലീസിന്റെ നിലപാട്. അന്വേഷണത്തിന്റെ ഭാഗമായി തൊപ്പിയുടെ യൂട്യൂബ് ചാനലും പൊലീസ് പൂട്ടിയിട്ടുണ്ട്.

തൊപ്പിയും സുഹൃത്ത് സംഘവും വേർപിരിഞ്ഞതിന് പിന്നാലെ പരസ്പരം സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ വെളിപ്പെടുത്തലുകളാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ലഹരി ഉപയോഗം, അശ്ലീല പരാമർശങ്ങൾ, പ്രായപൂർത്തിയാകാത്തവരെ ഉൾപ്പെടുത്തി നടത്തിയതായി ആരോപിക്കപ്പെടുന്ന ചില പ്രവൃത്തികൾ എന്നിവ സംബന്ധിച്ച ആരോപണങ്ങൾ പരസ്പരം ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്ന് നിരവധി പേർ പരാതിയുമായി പൊലീസിനെ സമീപിച്ചു.

ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചാരണം, പോക്സോ നിയമവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ, ലൈംഗിക ചൂഷണം തുടങ്ങിയ പരാതികളിലും അന്വേഷണം പുരോഗമിക്കുകയാണ്. എറണാകുളം റൂറൽ സൈബർ പൊലീസിന് പുറമെ കളമശേരി പൊലീസും നിഹാദിനെതിരെ അന്വേഷണം തുടരുന്നുണ്ട്.

മറുപടി രേഖപ്പെടുത്തുക