സുകുമാര്‍ അഴീക്കോട് ഉണ്ടായിരുന്നെങ്കില്‍ പരാജയം ഒഴിവാക്കാമായിരുന്നു; രണ്ടാം പിണറായി സര്‍ക്കാരിനെതിരെ എം. മുകുന്ദന്‍

തുടര്‍ഭരണം നഷ്ടമായ പശ്ചാത്തലത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇടത് സഹയാത്രികനായ നോവലിസ്റ്റ് എം. മുകുന്ദന്‍. എഴുത്തുകാരന്‍ സുകുമാര്‍ അഴീക്കോട് ഉണ്ടായിരുന്നുവെങ്കില്‍ സിപിഎമ്മിന് ഈ തോല്‍വി സംഭവിക്കില്ലായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടന്ന സുകുമാര്‍ അഴീക്കോട് ജന്മശതാബ്ദി പുരസ്‌കാര വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍, എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ എന്നിവര്‍ക്കായിരുന്നു പുരസ്‌കാരം സമ്മാനിച്ചത്.

അധികാരത്തിലുള്ളവരുടെ തെറ്റുകള്‍ തുറന്നുപറയാന്‍ സുകുമാര്‍ അഴീക്കോടിന് സാധിച്ചിരുന്നുവെന്നും, അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് അത്ര ശക്തിയുണ്ടായിരുന്നുവെന്നും എം. മുകുന്ദന്‍ പറഞ്ഞു. രാഷ്ട്രീയത്തിലെ ഉന്നതരെയും ഭരണാധികാരികളെയും അദ്ദേഹം നിര്‍ഭയമായി വിമര്‍ശിച്ചിരുന്നുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. “ഇന്നത്തെ കാലഘട്ടം കൂടുതല്‍ കലുഷിതമാണ്. നമ്മള്‍ വിശ്വസിക്കുന്ന പലതും നമ്മളെ തന്നെ കബളിപ്പിക്കുന്ന സാഹചര്യമാണ്,” എന്നും മുകുന്ദന്‍ അഭിപ്രായപ്പെട്ടു.

അതേസമയം, പാര്‍ട്ടി സാഹിത്യം എഴുതാത്ത എഴുത്തുകാരനായതിനാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണകാലത്ത് സുകുമാര്‍ അഴീക്കോടിന് യോജിച്ച സ്മാരകം ഉണ്ടാക്കാന്‍ കഴിയാത്തതായും അദ്ദേഹം വിമര്‍ശിച്ചു. വരുന്ന സര്‍ക്കാരില്‍ ഈ വിഷയത്തില്‍ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

മറുപടി രേഖപ്പെടുത്തുക