കണ്ണൂരിലെ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായ ആർ.എൽ. നിതിൻരാജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ ലോൺ ആപ്പ് വഴി ഭീഷണിപ്പെടുത്തിയ മൂന്ന് പേർ സൈബർ പൊലീസിന്റെ പിടിയിലായി. ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സിം ബോക്‌സുകൾ ഉപയോഗിച്ച് ആളുകളെ വിളിച്ചിരുന്ന ഇവരിൽ നിന്ന് മുപ്പത് സിം കാർഡുകളും പിടിച്ചെടുത്തു.
ഉത്തർപ്രദേശ് ഖാസിയാബാദ് സ്വദേശിയായ ഋഷികേഷ് തിവാരി (32), ഉത്തർപ്രദേശ് സ്വദേശിയായ പ്രശാന്ത് ഖേവൽ (28), ഹരിയാനയിലെ ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ് (54) എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിധിൻരാജിന്റെ നിർദേശപ്രകാരം കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ എസ്.ഐ. മിഥുൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
വിദ്യാർത്ഥിയുടെ അധ്യാപിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. വിദ്യാർത്ഥി ലോൺ ആപ്പ് വഴി കടമെടുത്തതും തിരിച്ചടക്കാത്തതിനെ തുടർന്ന്, റഫറൻസായി നൽകിയ അധ്യാപികയുടെ ഫോൺ നമ്പറിലേക്ക് പ്രതികൾ നിരന്തരം കോളുകളും സന്ദേശങ്ങളും അയച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. പണം അടച്ചില്ലെങ്കിൽ ശല്യം തുടരുമെന്നായിരുന്നു ഭീഷണി. ഓരോ നമ്പർ ബ്ലോക്ക് ചെയ്താലും പുതിയ നമ്പറുകളിൽ നിന്നുള്ള വിളികളും സന്ദേശങ്ങളും തുടർന്നിരുന്നു.
അന്വേഷണത്തിനിടെ പ്രതികൾ ഉപയോഗിച്ചിരുന്ന പല നമ്പറുകളും പിന്നീട് സ്വിച്ച് ഓഫ് ആയെങ്കിലും, സജീവമായ ഒരു നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ അവർ നോയിഡയിൽ കഴിയുന്നതായി കണ്ടെത്തി. തുടർന്ന് പൊലീസ് സംഘം അവിടെ എത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
