വനിതാ സംവരണ ബില്ലിന്റെ പരാജയം; രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി

വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പാസാകാതെ പോയതിനെ തുടർന്ന് ഇന്ത്യാ സഖ്യത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി രംഗത്ത്. സംസ്ഥാനങ്ങളിലാകെ ഇന്ന് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്ന് പാർട്ടി അറിയിച്ചു. ജില്ലാ ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് മഹിളാ മോർച്ചയുടെ നേതൃത്വത്തിലാണ് പരിപാടികൾ നടക്കുക. പ്രതിപക്ഷ പാർട്ടികളെ സ്ത്രീ വിരുദ്ധരായി ചിത്രീകരിക്കുന്ന മുദ്രാവാക്യങ്ങളോടെയാണ് പ്രതിഷേധം.

ബിൽ പാസാകാതിരുന്നതിനെ തുടർന്ന് എൻഡിഎയിലെ വനിതാ എംപിമാർ പാർലമെന്റ് പരിസരത്ത് നേരത്തെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ‘നാരി ശക്തിക്ക് നേരിട്ട വലിയ തിരിച്ചടിയാണ് ബില്ലിന്റെ പരാജയം’ എന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം. പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ചരിത്രപരമായ അവസരമാണ് പ്രതിപക്ഷം നഷ്ടപ്പെടുത്തിച്ചതെന്നാണ് അവരുടെ ആരോപണം.

അതേസമയം, സീറ്റുകൾ വർധിപ്പിക്കുകയും 2029ഓടെ സംവരണം നടപ്പിലാക്കുകയും ചെയ്യാനുള്ള സാധ്യത നഷ്ടപ്പെട്ടതായി ബിജെപി വിലയിരുത്തുന്നു. പശ്ചിമ ബംഗാൾ, തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇത് പ്രധാന പ്രചാരണ വിഷയമാക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

2023ൽ തന്നെ 2029ലെ പൊതുതെരഞ്ഞെടുപ്പിനുള്ളിൽ വനിതാ സംവരണ ബിൽ രാജ്യത്തുടനീളം നടപ്പിലാക്കുമെന്ന് തീരുമാനിച്ചിരുന്നുവെന്ന് ബിജെപി നേതാക്കൾ ഓർമ്മിപ്പിച്ചു. എന്നാൽ, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം ബിൽ പാസാകുന്നത് തടഞ്ഞുവെന്നാരോപിച്ച് ബിജെപി എംപി പൂനംബെൻ കുറ്റപ്പെടുത്തി.

മറുപടി രേഖപ്പെടുത്തുക