സുഡാനിലെ ദാരിദ്ര്യ പ്രതിസന്ധി കൂടുതൽ ഗുരുതരമാകുന്നതായി റിപ്പോർട്ട്. രാജ്യത്തെ ദാരിദ്ര്യ നിരക്ക് 73 ശതമാനമായി ഉയർന്നതായി മാനവ വിഭവശേഷി മന്ത്രി ചൊവ്വാഴ്ച അറിയിച്ചു. നിലവിലെ സംഘർഷങ്ങളും സാമ്പത്തിക തകർച്ചയും ജനജീവിതത്തെ തകർത്തതിന്റെ വ്യക്തമായ പ്രതിഫലനമായാണ് ഈ കണക്കുകൾ വിലയിരുത്തപ്പെടുന്നത്.
കെയ്റോയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് മന്ത്രി മൊആതാസിം അഹമ്മദ് സാലിഹ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഉപജീവന മാർഗങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്യുന്നതിനായി 5 ലക്ഷം യുവജന പദ്ധതികൾ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ സ്ത്രീകൾ നയിക്കുന്ന സംരംഭങ്ങൾക്കുള്ള പിന്തുണ വിപുലീകരിക്കുമെന്നും 15 പങ്കാളിത്തങ്ങൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നവംബറിലെ കണക്കുകൾ പ്രകാരം ഏകദേശം 23 ദശലക്ഷം പേർ ലോകബാങ്കിന്റെ ദാരിദ്ര്യ രേഖയായ പ്രതിദിനം 3 ഡോളറിന് താഴെ ജീവിക്കുന്നുവെന്ന് മന്ത്രി അറിയിച്ചു. യുദ്ധത്തിന്റെ ഫലമായി രാജ്യത്തെ ദാരിദ്ര്യ നിരക്ക് 21 ശതമാനത്തിൽ നിന്ന് 71 ശതമാനത്തിലേക്ക് കുതിച്ചുയർന്നതായും ഔദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2026–2030 കാലയളവിൽ മൂന്ന് ദശലക്ഷത്തിലധികം ചെറുകിട ബിസിനസുകൾക്ക് പിന്തുണ നൽകുന്ന പഞ്ചവത്സര പദ്ധതി സർക്കാർ സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു. ഇതിനകം 10,000-ത്തിലധികം വികസന പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നും വിദേശത്ത് താമസിക്കുന്ന സുഡാനികൾ രാജ്യത്തേക്ക് മടങ്ങി സാമ്പത്തിക പുനരുജ്ജീവനത്തിൽ പങ്കുചേരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഏപ്രിലിൽ ഐക്യരാഷ്ട്രസഭ നടത്തിയ വിലയിരുത്തൽ, നിലവിലെ സംഘർഷം സുഡാന്റെ സമ്പദ്വ്യവസ്ഥയെ മൂന്ന് പതിറ്റാണ്ടിലേറെ പിന്നോട്ടടിച്ചതായി വ്യക്തമാക്കിയിരുന്നു. ശരാശരി വരുമാനം 1992ലെ നിലയിലേക്ക് താഴ്ന്നതായും മുന്നറിയിപ്പ് നൽകിയിരുന്നു. സംഘർഷം തുടർന്നാൽ 2030ഓടെ ജനസംഖ്യയുടെ 60 ശതമാനം കടുത്ത ദാരിദ്ര്യത്തിലാകാമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
സുഡാനീസ് പൗണ്ടിന്റെ മൂല്യത്തകർച്ചയും ദാരിദ്ര്യ പ്രതിസന്ധിയെ രൂക്ഷമാക്കുന്നു. യുദ്ധം മൂലം സമ്പദ്വ്യവസ്ഥയുടെ പ്രധാന മേഖലകൾ തകർന്നതും അടിസ്ഥാന സേവനങ്ങൾ ബാധിക്കപ്പെട്ടതുമാണ് കറൻസിയുടെ ഇടിവിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഇതിനിടെ ഡാർഫർ, കോർഡോഫാൻ മേഖലകളിൽ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ആശുപത്രികൾ, സ്കൂളുകൾ, ജലവിതരണ സംവിധാനങ്ങൾ എന്നിവയെല്ലാം ആക്രമണങ്ങളിൽ ബാധിക്കപ്പെട്ടു. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലക്ഷക്കണക്കിന് ആളുകൾ വീടുകൾ വിട്ട് പലായനം ചെയ്തതോടെ സുഡാനിലെ മാനവിക പ്രതിസന്ധി കൂടുതൽ ആഴപ്പെടുകയാണ്.
