കുവൈറ്റ് അതിർത്തി പോസ്റ്റുകളിൽ ആക്രമണം നടത്തി ഇറാഖ് ഡ്രോണുകൾ

കുവൈറ്റിന്റെ വടക്കൻ കര അതിർത്തിയിലെ രണ്ട് കേന്ദ്രങ്ങളിൽ ഇറാഖിൽ നിന്നുള്ള സ്‌ഫോടക ഡ്രോണുകൾ പതിച്ചതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ഫൈബർ-ഒപ്റ്റിക് വയർ-ഗൈഡഡ് സംവിധാനമുള്ള രണ്ട് ഡ്രോണുകൾ ആക്രമണം നടത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിൽ ഭൗതിക നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും മനുഷ്യഹാനി റിപ്പോർട്ട് ചെയ്തിട്ടില്ല.

സംഭവം കൈകാര്യം ചെയ്യാൻ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.
അതേസമയം, പ്രാദേശിക സംഘർഷ സാഹചര്യങ്ങളെ തുടർന്ന് ഫെബ്രുവരി 28 മുതൽ താൽക്കാലികമായി നിർത്തിവച്ചിരുന്ന കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമാതിർത്തി വീണ്ടും തുറക്കുന്നതായി സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ഷെയ്ഖ് ഹുമൗദ് മുബാറക് ഹുമൗദ് അൽ-സബാഹ് പ്രഖ്യാപിച്ചു.

ഞായറാഴ്ച മുതൽ ടെർമിനൽ 4, 5 എന്നിവ നിർദ്ദിഷ്ട ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സർവീസുകൾക്കായി വീണ്ടും തുറക്കുമെന്ന് പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഘട്ടംഘട്ടമായി വിമാനത്താവള പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.

ഇറാനും അനുബന്ധ സായുധ സംഘങ്ങളും നടത്തിയ ആക്രമണത്തിൽ ചില വിമാനത്താവള സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി വിലയിരുത്തിയതിനെ തുടർന്ന് അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. സുരക്ഷാ മുൻഗണനകൾ പരിഗണിച്ച് തിരഞ്ഞെടുക്കപ്പെട്ട ടെർമിനലുകളിൽ പ്രവർത്തനം ആരംഭിച്ച് പിന്നീട് ക്രമേണ വിപുലീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക