രണ്ട് ദിവസമായി കാണാതായിരുന്ന ദേശീയ ഷൂട്ടർ ദമയന്തി സെൻ ശനിയാഴ്ച രാവിലെ സുരക്ഷിതമായി വീട്ടിലെത്തി. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ രാമകൃഷ്ണപൂർ ഫെറി ജെട്ടിക്ക് സമീപം അലഞ്ഞുതിരിയുന്നതിനിടെയാണ് രാവിലെ നടക്കാനിറങ്ങിയ രണ്ടുപേർ ദമയന്തിയെ തിരിച്ചറിഞ്ഞത്. തുടർന്ന് അവർ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു.
ദമയന്തിയുടെ പിതാവ് ധ്രുബജ്യോതി സെൻ സ്ഥലത്തെത്തി മകളെ വീട്ടിലേക്ക് കൊണ്ടുപോയി. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി ദമയന്തി എവിടെയായിരുന്നു എന്നതിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. കുടുംബവും ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
സംഭവത്തിൽ അന്വേഷണം നടത്താൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘവും റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ദേശീയ ടീമിലേക്കുള്ള ട്രയൽസിന് അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട 15-കാരിയായ ദമയന്തി വ്യാഴാഴ്ച ഉച്ചയ്ക്ക് വീട്ടുപകരണങ്ങൾ വാങ്ങാനെന്ന പേരിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങിയെങ്കിലും പിന്നീട് മടങ്ങിയെത്തിയിരുന്നില്ല. വീട്ടിൽ നിന്ന് പോകുമ്പോൾ മൊബൈൽ ഫോൺ കൈവശമുണ്ടായിരുന്നുവെന്ന് കുടുംബം അറിയിച്ചിരുന്നു.
അന്വേഷണത്തിനിടെ വ്യാഴാഴ്ച ഹൗറ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ ദമയന്തിയെ കണ്ടെത്തിയിരുന്നു. തുടർന്ന് വെള്ളിയാഴ്ച ഹൂഗ്ലി ജില്ലയിലെ സെറാംപൂരിൽ നടന്ന മഹേഷ് രഥയാത്രയ്ക്കിടെയും ദമയന്തിയെ കണ്ടതായി വിവരം ലഭിച്ചു. ഇതോടെ പൊലീസ് നാല് പ്രത്യേക സംഘങ്ങളെ നിയോഗിച്ച് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
ദമയന്തി സുരക്ഷിതമായി തിരിച്ചെത്തിയത് കുടുംബത്തിനും സഹതാരങ്ങൾക്കും ആശ്വാസമായെങ്കിലും, രണ്ട് ദിവസത്തെ ദുരൂഹമായ അപ്രത്യക്ഷതയുടെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
