റഷ്യൻ എണ്ണയ്ക്ക് നേരെ അമേരിക്കയുടെ യു-ടേൺ; ഒരു മാസത്തേക്ക് കൂടി ഉപരോധം നീക്കി

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ യുഎസ് സർക്കാർ അപ്രതീക്ഷിത ഇളവ് പ്രഖ്യാപിച്ചു. ഉപരോധങ്ങളിൽ നിന്നുള്ള ഇളവ് ഒരു മാസത്തേക്ക് കൂടി നീട്ടുന്നതായി യുഎസ് ട്രഷറി വകുപ്പ് അറിയിച്ചു. ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾക്ക് ആശ്വാസം നൽകുന്ന തീരുമാനമാണിത്.

വെള്ളിയാഴ്ച രാത്രിയോടെ പുറത്തിറക്കിയ പുതിയ ലൈസൻസിന്റെ അടിസ്ഥാനത്തിൽ, 2026 മെയ് 16 വരെ റഷ്യൻ എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും വാങ്ങാൻ അനുമതി നൽകുന്നു. ഇളവ് നീട്ടില്ലെന്ന നിലപാട് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്റ് രണ്ട് ദിവസം മുൻപ് വ്യക്തമാക്കിയിരുന്നുവെങ്കിലും, പിന്നീട് നിലപാട് മാറ്റി പുതിയ ഉത്തരവ് പുറപ്പെടുവിച്ചതാണ് ശ്രദ്ധേയം.

ഇതോടെ ഇന്ത്യൻ റിഫൈനറികൾക്ക് വലിയ ആശ്വാസം ലഭിച്ചു. ഏപ്രിൽ 17 വരെ കടൽമാർഗം ഗതാഗതത്തിലായിരുന്ന റഷ്യൻ എണ്ണയ്ക്ക് ഇനി ഉപരോധ ഭീഷണിയില്ലാതെ ഇന്ത്യയിൽ എത്തിക്കാനാകും.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളും മൂലം അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്ന പശ്ചാത്തലത്തിലാണ് യുഎസ് ഈ തീരുമാനം എടുത്തത്. വിലക്കയറ്റം നിയന്ത്രിക്കാനും വിപണിയിൽ സ്ഥിരത ഉറപ്പാക്കാനുമാണ് ഇളവ് നീട്ടിയതെന്നാണ് വിലയിരുത്തൽ.

മറുപടി രേഖപ്പെടുത്തുക