വാൽപ്പാറയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ മുഴുവൻ ചികിത്സയും സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പരമാവധി സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികൾക്ക് കൗൺസലിംഗ് സൗകര്യം ഒരുക്കുകയും, അടുത്ത അധ്യയന വർഷം തുടങ്ങുന്നതിന് മുമ്പ് സ്കൂളിൽ ആവശ്യമായ അധ്യാപകരെ നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അമ്പലപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പൊതുദർശനത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചതിന് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ ജാഗ്രത എല്ലാവരും ചേർന്ന് പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്കൂളിലെ അധ്യാപകർ അവരുടെ ജോലി ഒരു ഉത്തരവാദിത്വമായി മാത്രമല്ല, സ്വന്തം കാര്യമായി കാണുകയും പ്രവർത്തിക്കുകയും ചെയ്തതിനെ അദ്ദേഹം പ്രശംസിച്ചു. ചികിത്സയിൽ കഴിയുന്നവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാൽപ്പാറ അപകടത്തിൽ മരിച്ച ഒമ്പത് പേരുടെയും മൃതദേഹങ്ങൾ മലപ്പുറത്തെത്തിച്ചു. പാങ്ങ് അമ്പലപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനം ആരംഭിച്ചു. തുടർന്ന് വിവിധ മഹല്ലുകളിലെ ഖബർസ്ഥാനുകളിൽ സംസ്കാരം നടക്കും. മാട്ടാത്ത് മഹല്ലിൽ മജീദിനെയും ഭാര്യ റുഖിയയെയും ഖബറടക്കും. പാങ്ങ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ റംല, സാജിദ, ഷക്കീല എന്നിവർക്കും, ഈസ്റ്റ് പാങ്ങ് മസ്ജിദ് ഖബർസ്ഥാനിൽ സുഹറയും മകൻ ഹിഷാമിനും സംസ്കാരം നടത്തും. പൊതുദർശനത്തിന് ശേഷം അജിതയുടെ മൃതദേഹം ഷൊർണൂർ ശാന്തിതീരത്തേക്കും, ആശയുടെ മൃതദേഹം കൊളത്തൂരിലെ വീട്ടിലേക്കും കൊണ്ടുപോകും.
