തെറ്റായ ട്രെയിനിൽ കയറിയാൽ ഇറങ്ങുന്നതാണ് നല്ലത്; വിവാഹ മോചനത്തെപ്പറ്റി ഹൻസികയുടെ പ്രതികരണം

തെലുങ്ക്, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ നടി ഹൻസിക മോത്‌വാനി വിവാഹമോചന വാര്‍ത്തകളില്‍ പ്രതികരിച്ചു. ഭര്‍ത്താവ് സൊഹൈലുമായി നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം വേര്‍പിരിയാനുള്ള തീരുമാനം എടുത്തുവെന്ന റിപ്പോര്‍ട്ടുകളോടാണ് താരം പ്രതികരിച്ചത്.

“നമ്മള്‍ തെറ്റായ ട്രെയിനില്‍ കയറിയെന്ന് മനസ്സിലാകുമ്പോള്‍, എത്രയും വേഗം ഇറങ്ങുന്നതാണ് നല്ലത്” എന്നായിരുന്നു വിവാഹബന്ധം അവസാനിപ്പിച്ചതിനെക്കുറിച്ചുള്ള ഹൻസികയുടെ പ്രതികരണം. തന്റെ തീരുമാനത്തില്‍ യാതൊരു ഖേദവും ഇല്ലെന്നും താരം വ്യക്തമാക്കി.

വ്യക്തിപരമായ സമാധാനമാണ് തനിക്ക് ഏറ്റവും പ്രധാനമെന്നും, വാര്‍ത്തകളും ക്ലിക്ക്ബെയ്റ്റും ആളുകള്‍ക്ക് ആവശ്യമാകാം എന്നാല്‍ തന്റെ ജീവിതത്തില്‍ അത് മുന്‍ഗണനയല്ലെന്നും ഹൻസിക പറഞ്ഞു. വിവാഹമോചനത്തിന് ശേഷം മാനസിക ആശ്വാസത്തിനായി ജപ്പാനിലേക്ക് യാത്ര പോയതായും, ഈ കാലഘട്ടത്തില്‍ കുടുംബം ശക്തമായി പിന്തുണച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

2022ല്‍ വലിയ ആഘോഷത്തോടെ നടന്ന ഹൻസികയുടെ വിവാഹം പിന്നീട് ഒടിടി പ്ലാറ്റ്‌ഫോമില്‍ ഡോക്യുമെന്ററിയായും പുറത്തിറങ്ങിയിരുന്നു. വിവാഹ സമയത്ത് തന്നെ ഈ ബന്ധം വലിയ ചര്‍ച്ചയായിരുന്നുവെന്നതും ശ്രദ്ധേയമാണ്. ഇപ്പോൾ ബന്ധം അവസാനിച്ചതോടെ ആരാധകരില്‍ അത്ഭുതം ഉയര്‍ന്നിരിക്കുകയാണ്. അതേസമയം, സ്വന്തം ക്ഷേമത്തിന് മുന്‍ഗണന നല്‍കിയ താരത്തിന്റെ തീരുമാനത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്.

മറുപടി രേഖപ്പെടുത്തുക