ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് : നേതാക്കളുടെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ബിജെപി കേന്ദ്ര നേതൃത്വം നൽകിയ തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഒരു സംസ്ഥാന നേതാവ് പഴയ വായ്പ ഒറ്റത്തവണയായി അടച്ചുതീർത്തതിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

രണ്ട് ഘട്ടങ്ങളിലായി എടുത്ത 38 ലക്ഷം രൂപയുടെ വായ്പ ഒരുമിച്ച് തിരിച്ചടച്ചതായാണ് വിവരം. വർഷങ്ങളായി നിലനിന്നിരുന്ന ബാധ്യത തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ തീർത്തത് സംശയങ്ങൾക്ക് ഇടയാക്കിയെന്നാണ് റിപ്പോർട്ടുകൾ.

ഇതുമായി ബന്ധപ്പെട്ട് ഒരു ബിജെപി പ്രവർത്തകൻ കേന്ദ്ര നേതൃത്വത്തിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാർട്ടി ആഭ്യന്തര അന്വേഷണം നടത്തിയത്. തുടർന്ന് ഓഡിറ്റ് പരിശോധനയും നടന്നിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് അനുവദിച്ച ഫണ്ടിൽ വ്യാപക ക്രമക്കേട് നടന്നെന്ന ആരോപണമാണ് ഉയർന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ, പാർട്ടി കൊടിയും ചിഹ്നവും വിതരണം, സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി ഓഡിറ്റ് സംഘം കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

കേന്ദ്ര നേതൃത്വം സൗജന്യമായി നൽകിയ പ്രചാരണ സാമഗ്രികളുടെ പേരിലും ചിലർ പണം കൈപ്പറ്റിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം ചില നേതാക്കളുടെ സാമ്പത്തിക നിലയിൽ ഉണ്ടായ മാറ്റങ്ങളും അന്വേഷണത്തിൽ പരിശോധിക്കുന്നതായാണ് വിവരം.

തിരുവനന്തപുരത്തെ ഒരു നേതാവ് 40 ലക്ഷം രൂപയുടെ സഹകരണ ബാങ്ക് വായ്പ തിരിച്ചടച്ചതായും, സോഷ്യൽ മീഡിയ പ്രവർത്തനവുമായി ബന്ധപ്പെട്ട ഒരാൾ 17 ലക്ഷം രൂപ വിലമതിക്കുന്ന കാർ പണമായി വാങ്ങിയതായും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. വിഷയത്തിൽ കേന്ദ്ര നേതൃത്വം കൂടുതൽ നടപടികൾ സ്വീകരിച്ചേക്കുമെന്നാണ് സൂചന.

മറുപടി രേഖപ്പെടുത്തുക