വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: മദ്യ ലോബിക്ക് സഹായമെന്ന് ടി.പി. രാമകൃഷ്ണൻ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വിമർശനവുമായി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. നികുതി കുറയ്ക്കുന്നത് മദ്യ ലോബിക്ക് സഹായകരമാകുമെന്നും ഇത് സംസ്ഥാനത്ത് മദ്യത്തിന്റെ വ്യാപനം വർധിപ്പിക്കുമെന്നും അദ്ദേഹം ആരോപിച്ചു. നികുതി ഇളവിലൂടെ മദ്യ നിർമ്മാണ-വിതരണ രംഗത്തെ മുതലാളിമാർക്ക് വൻ സാമ്പത്തിക നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ കോൺഗ്രസിനകത്ത് തന്നെ വിമർശനം ഉയർന്നിട്ടുണ്ടെന്നും ടി.പി. രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി. വിഷയത്തിൽ മുഖ്യമന്ത്രി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും അത് ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

സിഎംആർഎൽ–എക്സാലോജിക് കേസ് സംബന്ധിച്ചും ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചു. അത് രണ്ട് കമ്പനികൾ തമ്മിലുള്ള വിഷയമാണെന്നും അവരാണ് അത് പരിഹരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തോട് എൽഡിഎഫിന് എതിർപ്പില്ലെന്നും എന്നാൽ കേസ് സിപിഐഎമ്മിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെതിരെയാണ് വിമർശനമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിലുള്ള വിഷയങ്ങളിൽ എങ്ങനെ പ്രതികരിക്കുമെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽഡിഎഫ് കൺവീനർ സ്ഥാനത്ത് മാറ്റം വരുത്തുമെന്ന അഭ്യൂഹങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. അത്തരമൊരു തീരുമാനം സംബന്ധിച്ച് തനിക്ക് വിവരമില്ലെന്നും താൻ ഇപ്പോഴും എൽഡിഎഫ് കൺവീനറായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ തീരുമാനങ്ങൾക്കനുസരിച്ചാണ് ഓരോരുത്തരും പ്രവർത്തിക്കുന്നതെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക