സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ജർമനിയിലെ വ്യവസായ മേഖലയിൽ വേതനവർധനയും തൊഴിൽ സുരക്ഷയും ആവശ്യപ്പെട്ട് വൻ തൊഴിലാളി പ്രക്ഷോഭം. ഈ ആഴ്ച രാജ്യത്തുടനീളം നടന്ന പണിമുടക്കുകളിലും പ്രതിഷേധ പരിപാടികളിലുമായി 4.13 ലക്ഷത്തിലധികം തൊഴിലാളികൾ പങ്കെടുത്തതായി പ്രമുഖ തൊഴിലാളി സംഘടനയായ ഐജി മെറ്റൽ അറിയിച്ചു. ഞായറാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 2,800-ലധികം സമരപരിപാടികളാണ് നടന്നത്.
3.7 ദശലക്ഷം തൊഴിലാളികൾക്ക് 12 മാസത്തേക്ക് അഞ്ച് ശതമാനം വേതനവർധന നൽകണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം. അപ്രന്റീസുകൾക്ക് ഉയർന്ന വേതനം, തൊഴിൽ ഉറപ്പ്, ലാഭത്തിലുള്ള കമ്പനികളിൽ ലാഭവിഹിതം എന്നിവയും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ 2027-ൽ ഒറ്റത്തവണ പണമടയ്ക്കാമെന്നും 2028 ജൂലൈ മുതൽ 1.3 ശതമാനം വേതനവർധന നൽകാമെന്നുമാണ് തൊഴിലുടമകളുടെ വാഗ്ദാനം. ഇത് യഥാർഥത്തിൽ വേതനക്കുറവിന് തുല്യമാണെന്നാണ് യൂണിയന്റെ നിലപാട്.
വെള്ളിയാഴ്ച ന്യൂറംബർഗിലും പരിസരപ്രദേശങ്ങളിലുമായി ബോഷ്, സീമെൻസ്, MAN ട്രക്ക് ആൻഡ് ബസ്, ഷാഫ്ലർ തുടങ്ങിയ 30-ലധികം കമ്പനികളിൽ തൊഴിലാളികൾ പണിമുടക്കി. ബോഷ് പ്ലാന്റിൽ 2029-ഓടെ 900-ലധികം ജോലികൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെയും പ്രതിഷേധമുയർന്നു. സീമെൻസിലെയും തൈസൻക്രുപ്പിലെയും തൊഴിലാളികൾ കെംനിറ്റ്സിൽ നാലു മണിക്കൂർ പണിമുടക്കും നടത്തി.
വ്യാഴാഴ്ച ഓഡി, മെഴ്സിഡസ് ബെൻസ്, എയർബസ് തുടങ്ങിയ കമ്പനികളിലും സമരം ശക്തമായിരുന്നു. നെക്കാർസുൾമിലെ ഓഡി പ്ലാന്റിൽ മാത്രം 6,500-ഓളം തൊഴിലാളികൾ പണിമുടക്കി. ഫോക്സ്വാഗൺ ഗ്രൂപ്പിന്റെ ചെലവുചുരുക്കൽ നടപടികളും ഉൽപ്പാദനശേഷി കുറയ്ക്കാനുള്ള നീക്കങ്ങളും തൊഴിൽ നഷ്ടഭീഷണി വർധിപ്പിക്കുന്നതായി തൊഴിലാളികൾ ആശങ്കപ്പെടുന്നു.
ഉയർന്ന ഊർജവില, നിക്ഷേപത്തിലെ ഇടിവ്, അമേരിക്കൻ തീരുവകൾ, ചൈനയിൽ നിന്നുള്ള കടുത്ത മത്സരം എന്നിവ ജർമൻ വ്യവസായ മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഫോക്സ്വാഗൺ, ബോഷ്, മെഴ്സിഡസ് ബെൻസ് തുടങ്ങിയ വൻകിട കമ്പനികൾ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. പ്രതിമാസം ഏകദേശം 15,000 വ്യവസായ തൊഴിലവസരങ്ങൾ ഇല്ലാതാകുന്നതായും ജർമൻ വ്യവസായ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.
വേതനവർധനയ്ക്കു പുറമെ തൊഴിൽ, ഉൽപ്പാദനം, നിക്ഷേപം എന്നിവയിൽ ഉറപ്പുനൽകുന്ന കരാറുകളും വേണമെന്ന് ഐജി മെറ്റൽ ആവശ്യപ്പെട്ടു. ചർച്ചകളിൽ പുരോഗതിയുണ്ടായില്ലെങ്കിൽ 24 മണിക്കൂർ പണിമുടക്കുൾപ്പെടെയുള്ള ശക്തമായ സമരങ്ങളിലേക്ക് നീങ്ങുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി. യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും വേതനവർധനയും ജീവിതച്ചെലവിലെ വർധനയും പൊതുസേവന മേഖലയിലെ പ്രതിസന്ധികളും ചൂണ്ടിക്കാട്ടി തൊഴിലാളി പ്രതിഷേധങ്ങൾ ശക്തമാകുകയാണ്.
