കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ്; 2,000 കോടി രൂപയുടെ ‘വെട്രി’ പദ്ധതിയുമായി വിജയ് സർക്കാർ

തമിഴ്‌നാട്ടിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഡിജിറ്റൽ പഠനസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി 2,000 കോടി രൂപയുടെ ‘വെട്രി ലാപ്ടോപ്പ് പദ്ധതി’ നടപ്പാക്കാൻ വിജയ് സർക്കാർ നടപടി ആരംഭിച്ചു. 2026-27 സാമ്പത്തിക വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയിലൂടെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്ടോപ്പുകൾ വിതരണം ചെയ്യുകയാണ് ലക്ഷ്യം.

സർക്കാർ, സർക്കാർ എയ്ഡഡ് കോളേജുകളിലെ വിവിധ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. 2026-27 അധ്യയന വർഷത്തിൽ ഒന്നാം വർഷ, രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികൾക്കും ഡിപ്ലോമ വിദ്യാർത്ഥികൾക്കും ലാപ്ടോപ്പുകൾ നൽകും. ആർട്സ് ആൻഡ് സയൻസ്, എൻജിനീയറിങ്, പോളിടെക്നിക്, ഐ.ടി.ഐ, മെഡിക്കൽ, വെറ്ററിനറി, ഫിഷറീസ്, കാർഷികം, നിയമം തുടങ്ങിയ മേഖലകളിലെ വിദ്യാർത്ഥികളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2025-26 അധ്യയന വർഷത്തിൽ ലാപ്ടോപ്പ് ലഭിക്കാതിരുന്ന മൂന്നാം വർഷ, നാലാം വർഷ പ്രൊഫഷണൽ കോഴ്‌സ് വിദ്യാർത്ഥികൾക്കും പുതിയ പദ്ധതിയിലൂടെ ആനുകൂല്യം ഉറപ്പാക്കും. എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന നൽകി ഇന്റൽ കോർ i5 പ്രോസസറോ അതിന് തുല്യമായ ഉയർന്ന സാങ്കേതിക നിലവാരമുള്ള ലാപ്ടോപ്പുകളോ നൽകാനാണ് തീരുമാനം.

പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കാൻ മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതി രൂപീകരിക്കും. ലാപ്ടോപ്പുകളുടെ ഗുണനിലവാരം ഉറപ്പാക്കി വാങ്ങുന്നതിനുള്ള ചുമതല തമിഴ്‌നാട് ഇലക്ട്രോണിക്സ് കോർപ്പറേഷനായ (ELCOT) നൽകും. ലാപ്ടോപ്പ് വിതരണ തീയതിയും ഗുണഭോക്താക്കളുടെ പട്ടികയും ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം.

മറുപടി രേഖപ്പെടുത്തുക