മോദി വിദേശശക്തികളുടെ നിയന്ത്രണത്തിലെന്ന് അഭിജിത് ദീപ്കെ; ട്രംപിന് മുന്നിൽ കീഴടങ്ങിയെന്നും ആരോപണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിയന്ത്രിക്കുന്നത് വിദേശശക്തികളാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽ കീഴടങ്ങി അദ്ദേഹം രാജ്യത്തെ വിറ്റുവെന്നും സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ. സിജെപിക്ക് വിദേശ സംഭാവന ലഭിക്കുന്നുവെന്ന് ആരോപിക്കുന്ന മോദി ആദ്യം സ്വന്തം നിലപാടുകൾ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടന്ന ‘ജന്തർ മന്തർ @ കൊച്ചി’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ദീപ്കെ.

സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചാലും തങ്ങൾ തിരിച്ചുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. പരിപാടിയിൽ ദേശീയ പതാക ഉയർത്തിയ ദീപ്കെ, പതാക എല്ലായിടത്തും കൊണ്ടുപോകുമെന്നും പറഞ്ഞു. പ്രധാനമന്ത്രി മാധ്യമങ്ങളെ കാണാൻ തയ്യാറാകാത്തതിനെ വിമർശിച്ച അദ്ദേഹം, മൂന്ന് മാസത്തിനിടെ താൻ അമ്പതിലേറെ വാർത്താസമ്മേളനങ്ങൾ നടത്തിയെന്നും മോദി ഒരിക്കൽപ്പോലും മാധ്യമങ്ങളെ കണ്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.

രാജ്യത്ത് മതത്തിന്റെ പേരിൽ കലാപങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ആരാണെന്ന് ജനങ്ങൾക്കറിയാമെന്നും ദീപ്കെ ആരോപിച്ചു. തങ്ങൾ കലാപം സൃഷ്ടിക്കാനെത്തിയവരല്ലെന്നും അരാജകവാദികളല്ല, അംബേദ്കറിസ്റ്റുകളാണെന്നും അദ്ദേഹം പറഞ്ഞു. നെഹ്‌റുവിനും ഗാന്ധിക്കും ഒപ്പമെത്താൻ മോദിക്ക് കഴിയില്ലെന്നും 2029ലെ തിരഞ്ഞെടുപ്പിലൂടെ അധികാരമാറ്റമുണ്ടാകുമെന്നും ദീപ്കെ അവകാശപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക