മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിൽ ഇന്ന് ഞായറാഴ്ച വ്യാപക തടസം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് അക്കൗണ്ടുകളിൽ പ്രവേശിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി.
ഡെസ്‌ക്‌ടോപ്പ് വഴി ഫേസ്ബുക്ക് ആക്‌സസ് ചെയ്യാൻ ശ്രമിച്ച നിരവധി ഉപയോക്താക്കൾക്ക് “അക്കൗണ്ട് താൽക്കാലികമായി ലഭ്യമല്ല. സൈറ്റിലെ ഒരു പ്രശ്‌നം കാരണം നിങ്ങളുടെ അക്കൗണ്ട് നിലവിൽ ലഭ്യമല്ല. ഇത് ഉടൻ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു” എന്ന സന്ദേശമാണ് ലഭിച്ചത്.
യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നാണ് കൂടുതലായും പരാതികൾ റിപ്പോർട്ട് ചെയ്തത്. ലണ്ടൻ, ഗ്ലാസ്‌ഗോ, ബർമിംഗ്ഹാം, ഹൾ, ബ്രൈറ്റൺ തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾ പ്രശ്‌നം നേരിട്ടതായി റിപ്പോർട്ടുകളുണ്ട്.
തടസം നേരിട്ടതിനെ തുടർന്ന് നിരവധി ഉപയോക്താക്കൾ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തങ്ങളുടെ ആശങ്കയും നിരാശയും പങ്കുവെച്ചു. സംഭവത്തിൽ മെറ്റയുടെ ഭാഗത്ത് നിന്ന് വിശദീകരണം ലഭ്യമായിട്ടില്ല.
