‘അസ്ഥികൾ ഒടിച്ച് തിരിച്ചയക്കും’ ; മുഖ്യമന്ത്രി വിജയ്‌ക്കെതിരെ വിവാദ പ്രസംഗം; അർധരാത്രി റെയ്ഡിൽ ഡി.എം.കെ എംഎൽഎയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ ഭീഷണിപരമായ പരാമർശം നടത്തിയെന്നാരോപിച്ച് ഡിഎംകെ എംഎൽഎ ജി.വി. മാർക്കണ്ഡേയനെ പൊലീസ് അറസ്റ്റ് ചെയ്തു. വിലാത്തികുളം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മാർക്കണ്ഡേയനെ തിങ്കളാഴ്ച പുലർച്ചെയാണ് അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.

കോവിൽപട്ടിയിൽ നടന്ന ഡിഎംകെ പൊതുയോഗത്തിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി. ഞായറാഴ്ച രാത്രി കൃഷ്ണൻകോവിൽ മൈതാനിയിൽ സംഘടിപ്പിച്ച പാർട്ടി സമ്മേളനത്തിൽ നിരവധി ഡിഎംകെ നേതാക്കളും പ്രവർത്തകരും പങ്കെടുത്തിരുന്നു.

യോഗത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി വിജയ്‌യെയും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെയും വിമർശിച്ച മാർക്കണ്ഡേയൻ, നിയമസഭാ നടപടികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരാമർശിക്കുന്നതിനിടെ വിവാദ പരാമർശം നടത്തിയെന്നാണ് ആരോപണം. മുഖ്യമന്ത്രിക്കെതിരെ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് നടത്തിയതെന്ന പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഭരണഘടനാപദവി വഹിക്കുന്ന മുഖ്യമന്ത്രിക്കെതിരായ ഇത്തരം പ്രസ്താവനകൾക്കെതിരെ രാഷ്ട്രീയരംഗത്തുനിന്നും പൊതുസമൂഹത്തിൽ നിന്നുമുള്ള വിമർശനം ശക്തമായിരുന്നു. ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച പുലർച്ചെ പൊലീസ് സംഘം മാർക്കണ്ഡേയന്റെ വീട്ടിലെത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അറസ്റ്റ് വിവരം പുറത്തുവന്നതോടെ എംഎൽഎയുടെ അനുയായികളും ഡിഎംകെ പ്രവർത്തകരും വസതിക്ക് സമീപം തടിച്ചുകൂടി. പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ച പ്രവർത്തകർ എംഎൽഎയെ കൊണ്ടുപോകുകയായിരുന്ന വാഹനത്തെ തടയാൻ ശ്രമിച്ചതോടെ പ്രദേശത്ത് നേരിയ സംഘർഷാവസ്ഥയും രൂപപ്പെട്ടു. തുടർന്ന് അധിക പൊലീസ് സന്നാഹം എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.

മാർക്കണ്ഡേയനെ കൂടുതൽ ചോദ്യം ചെയ്യലിനായി ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് കൊണ്ടുപോയതായി അധികൃതർ അറിയിച്ചു. പ്രാഥമിക അന്വേഷണ നടപടികൾ പൂർത്തിയാക്കിയ ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.

സംഭവത്തോടെ ഭരണകക്ഷിയായ തമിഴ്നാട് വെട്രി കഴകവും പ്രധാന പ്രതിപക്ഷമായ ഡിഎംകെയും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം കൂടുതൽ കടുപ്പമാകുന്ന സാഹചര്യമാണ് സംസ്ഥാനത്ത് രൂപപ്പെട്ടിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക