ഈ മണ്ഡല-മകരവിളക്ക് സീസണിൽ ശബരിമല തന്ത്രിയായി കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്മദത്തൻ ചുമതലയേൽക്കാനുള്ള സാധ്യത ശക്തമാകുന്നു. കണ്ഠരര് രാജീവറിന് പകരം മകനെ തന്ത്രിയായി നിയമിക്കണമെന്ന ആവശ്യത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഭൂരിഭാഗം അംഗങ്ങളും അനുകൂലിച്ചതായാണ് വിവരം.
അതേസമയം, ശബരിമലയിലെ തന്ത്രി സ്ഥാനത്ത് നിന്ന് താഴമൺ കുടുംബത്തെ മാറ്റേണ്ട സാഹചര്യമില്ലെന്ന നിലപാടാണ് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിക്കാൻ ഒരുങ്ങുന്നതെന്ന സൂചനയും പുറത്തുവരുന്നുണ്ട്. വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ്.
കണ്ഠരര് ബ്രഹ്മദത്തന് തന്ത്രിയാകാനുള്ള എല്ലാ യോഗ്യതകളും ഉണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു. ബ്രഹ്മദത്തനെ തന്ത്രിയായി നിയമിക്കുന്നതിൽ ബോർഡിന് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ കോടതിയുടെ അഭിപ്രായം തേടുമെന്നും താഴമൺ കുടുംബത്തെ അപകീർത്തിപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും ജയകുമാർ കൂട്ടിച്ചേർത്തു.
തന്ത്രി ആരാകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കോടതിയുടേതാണെന്ന് ദേവസ്വം ബോർഡ് അംഗം പി.ഡി. സന്തോഷ് കുമാർ പ്രതികരിച്ചു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ കണ്ഠരര് രാജീവർ പ്രതിയാണെന്നും, താഴമൺ കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂട്ടായ തീരുമാനത്തിലൂടെയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ വ്യക്തിപരമായ അഭിപ്രായമില്ലെന്നും കോടതി നിർദേശിക്കുന്നതനുസരിച്ച് നടപടി സ്വീകരിക്കുമെന്നും സന്തോഷ് കുമാർ വ്യക്തമാക്കി.
അനാരോഗ്യം മൂലം തന്ത്രിസ്ഥാനത്തെ ചടങ്ങുകൾ നിർവഹിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ഠരര് രാജീവർ കഴിഞ്ഞ ദിവസം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്ത് നൽകിയത്. ഈ മണ്ഡല-മകരവിളക്ക് സീസണിൽ ഊഴമനുസരിച്ച് തന്ത്രിയായി ചുമതലയേൽക്കേണ്ടത് അദ്ദേഹമായിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം തനിക്ക് ചുമതല നിർവഹിക്കാൻ കഴിയില്ലെന്നും പകരം മകൻ കണ്ഠരര് ബ്രഹ്മദത്തന് തന്ത്രിസ്ഥാനം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
