എക്സിറ്റ് പോളുകള്‍ അന്തിമ വിധിയല്ലെന്നും ജനങ്ങളുടെ തീരുമാനം മാത്രമാണ് നിര്‍ണായകമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. മുഖവിലയ്ക്ക് എടുക്കേണ്ടത് ജനങ്ങളെയാണെന്നും, അതില്‍ ഉറച്ച വിശ്വാസത്തോടെ തന്നെ തങ്ങള്‍ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വം, എല്‍ഡിഎഫിന് ഇപ്പോഴും ശുഭപ്രതീക്ഷയുണ്ടെന്ന് വ്യക്തമാക്കി. മുന്‍പും എക്സിറ്റ് പോളുകള്‍ പലവിധ പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അവയെല്ലാം യാഥാര്‍ത്ഥ്യമായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “എക്സിറ്റ് പോള്‍ ആരുടെ പ്രതീക്ഷയാണ്, ആര്‍ക്കുവേണ്ടിയുള്ള പ്രതീക്ഷയാണ് എന്നത് വ്യക്തമാണ്. ഒരു പ്രത്യേക രാഷ്ട്രീയ കാഴ്ചപ്പാടാണ് ഇത്തരം പ്രവചനങ്ങളുടെ അടിസ്ഥാനമെന്ന്” അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ യഥാര്‍ത്ഥ കാഴ്ചപ്പാടാണ് പ്രധാനമെന്നും അതാണ് അന്തിമഫലത്തില്‍ പ്രതിഫലിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കേരളത്തിൽ യുഡിഎഫിന്റെ തിരിച്ചുവരവാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. 70 മുതല്‍ 90 വരെ സീറ്റുകള്‍ നേടി അധികാരത്തിലെത്താമെന്നതാണ് വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
