മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത്: മുഖ്യപ്രതി സിന്ധുവിന് ഗുണ്ടാസംഘ ബന്ധമെന്ന് പൊലീസ്

മോഡലിങ്ങിന്റെ മറവിൽ യുവതികളെ സെക്‌സ് റാക്കറ്റിൽ എത്തിച്ച കേസിലെ ഒന്നാം പ്രതിയായ സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ്. കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേസിലെ മുഖ്യ ആസൂത്രക സിന്ധുവാണെന്നും കേരളത്തിൽ നിന്ന് വിദേശത്തേക്ക് കടത്തിക്കൊണ്ടുപോയ യുവതികളുടെ ചിത്രങ്ങൾ ഇടപാടുകാർക്ക് അയച്ച് ‘ഡീൽ’ ഉറപ്പാക്കിയിരുന്നതായും പൊലീസ് കണ്ടെത്തി. വിലപേശൽ നടത്തിയ ചാറ്റുകളുടെയും സ്ക്രീൻഷോട്ടുകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയ യുവതിയെ കോളയിൽ ലഹരി കലർത്തി കുടിപ്പിച്ച ശേഷം കൂട്ടബലാൽസംഗത്തിന് ഇരയാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. ഈ ദൃശ്യങ്ങൾ സിന്ധു ഫോണിൽ പകർത്തി പരാതിക്കാരിയുടെ ഭർത്താവിന് അയച്ചതായും പൊലീസ് കണ്ടെത്തി. രണ്ടാം പ്രതി യുവതിയെ ചൂരൽ ഉപയോഗിച്ച് മർദിച്ചെന്നും അഞ്ചാം പ്രതി പരാതിപ്പെട്ടാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

തൃശൂർ സ്വദേശിനിയായ സിന്ധു അഥവാ സ്റ്റോയ്‌സി, മരടിൽ താമസിക്കുന്ന ആലുവ സ്വദേശിനി അലീന, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരാണ് നിലവിൽ അറസ്റ്റിലായത്. യുവതികളെ കണ്ടെത്തുന്നതിൽ അലീനയും മഞ്ജിമയും പ്രധാന പങ്കുവഹിച്ചിരുന്നതായി പൊലീസ് പറയുന്നു. സിന്ധുവാണ് ദുബായിലേക്കുള്ള വിമാനടിക്കറ്റും വിസിറ്റിങ് വിസയും ഒരുക്കിയിരുന്നത്.

ദുബായിൽ എത്തിച്ച ശേഷം യുവതികളുടെ ചിത്രങ്ങൾ വാട്സാപ്പ് വഴി കൈമാറി ഇടപാടുകൾ ഉറപ്പിക്കുകയായിരുന്നു സംഘത്തിന്റെ രീതി. സിന്ധുവിന്റെ നിയന്ത്രണത്തിലുള്ള ‘അലീസ ഇവന്റ്‌സ് മാനേജ്മെന്റ്’ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്താണ് നിരവധി യുവതികളെ വിദേശത്തേക്ക് കൊണ്ടുപോയതെന്നും അവിടെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായും പരാതിയിൽ പറയുന്നു.

കേസുമായി ബന്ധപ്പെട്ട് ചില സിനിമ-സീരിയൽ താരങ്ങൾക്കും ബന്ധമുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനോടകം ചിലരുടെ മൊഴികൾ അന്വേഷണസംഘം രേഖപ്പെടുത്തിയതായാണ് വിവരം. കേസിലെ ഒന്നാം പ്രതിയായ സിന്ധുവിനെ കോടതി റിമാൻഡ് ചെയ്തു.

മറുപടി രേഖപ്പെടുത്തുക