കോക്രോച്ച് ജനത പാർട്ടി രാജ്യസുരക്ഷയ്ക്ക് ഭീഷണി; കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്

കോക്രോച്ച് ജനത പാർട്ടി രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ദേശവിരുദ്ധ ശക്തികൾ ഈ ഓൺലൈൻ കൂട്ടായ്മയ്ക്ക് പിന്നിലുണ്ടെന്നും സമൂഹമാധ്യമ അക്കൗണ്ടുകളിൽ രാജ്യവിരുദ്ധ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

ഇത് ദേശീയ സുരക്ഷയെ ബാധിക്കാനുള്ള സാഹചര്യമുണ്ടാക്കുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഐടി ആക്ടിലെ 69 എ വകുപ്പ് പ്രകാരമാണ് അക്കൗണ്ടുകൾ വിലക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് കോക്രോച്ച് ജനത പാർട്ടിയുടെ എക്സ് അക്കൗണ്ട് തടഞ്ഞത്. ഇൻസ്റ്റഗ്രാം അക്കൗണ്ടും ഉടൻ വിലക്കിയേക്കുമെന്നാണു സൂചന.

ബോസ്റ്റൺ സർവകലാശാലയിലെ പബ്ലിക് റിലേഷൻസ് വിദ്യാർഥിയും മുൻ ആം ആദ്മി പാർട്ടി സോഷ്യൽ മീഡിയ സ്ട്രാറ്റജിസ്റ്റുമായ 30കാരൻ അഭിജീത് ദിപ്കെ മെയ് 16-നാണ് ഈ ഓൺലൈൻ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. തൊഴിലില്ലാത്ത യുവാക്കളെയും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളെയും “സമൂഹത്തിലെ പ്രാണികളോടും പാറ്റകളോടും” ഉപമിച്ചുകൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയതായി പറയപ്പെടുന്ന പരാമർശങ്ങൾക്കെതിരായ ഡിജിറ്റൽ പ്രതിഷേധമായാണ് ഈ കൂട്ടായ്മ രൂപംകൊണ്ടത്.

യുവജനങ്ങൾക്കിടയിൽ അതിവേഗം ജനപ്രീതി നേടിയ ഈ കൂട്ടായ്മ വലിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചു. നേരത്തെ എക്സ് അക്കൗണ്ട് വിലക്കിയതിന് പിന്നാലെ ‘കോക്രോച്ച് ഈസ് ബാക്ക്’ എന്ന പേരിൽ പുതിയ അക്കൗണ്ടും ആരംഭിച്ചു. മണിക്കൂറുകൾക്കകം അരലക്ഷത്തിലേറെ ആളുകൾ പുതിയ അക്കൗണ്ട് പിന്തുടരാൻ തുടങ്ങി.

മറുപടി രേഖപ്പെടുത്തുക