എറണാകുളത്ത് നടന്ന ബജറ്റ് ചർച്ചാ പരിപാടിയിൽ യുഡിഎഫ് സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് രംഗത്തെത്തി. ബിയറും വൈനും മാത്രമല്ല, മറ്റ് മദ്യപാനീയങ്ങൾക്കും കുറഞ്ഞ നികുതി നിശ്ചയിച്ചിരിക്കുകയാണെന്നും, ഇത്തരം നിർണായക തീരുമാനങ്ങൾ വകുപ്പ് മന്ത്രിയുമായി ആലോചിക്കാതെയാണ് സർക്കാർ കൈക്കൊണ്ടതെന്നും അദ്ദേഹം ആരോപിച്ചു.
കരിമണൽ ഉൾപ്പെടെയുള്ള ധാതുഘനന വിഷയത്തിൽ ഇടതുപക്ഷത്തിന് എതിർപ്പില്ലെങ്കിലും കർശന നിയന്ത്രണങ്ങളോടെയായിരിക്കണം ഖനനം നടക്കേണ്ടതെന്ന് തോമസ് ഐസക് വ്യക്തമാക്കി. ധാതുഘനന മേഖല സ്വകാര്യ കമ്പനികൾക്ക് തുറന്നുകൊടുക്കുന്ന സർക്കാർ നിലപാട് തീരമേഖലയിൽ ശക്തമായ ജനകീയ സമരങ്ങൾക്ക് വഴിവെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ പത്ത് വർഷത്തെ ഇടതുപക്ഷ ഭരണകാലത്ത് നവകേരള വികസന കാഴ്ചപ്പാടാണ് മുന്നോട്ടുവെച്ചതെന്നും, ബജറ്റിന് പുറമേ വികസനത്തിനാവശ്യമായ അധിക വിഭവങ്ങൾ കണ്ടെത്തിയാണ് സംസ്ഥാനത്തെ മുന്നോട്ട് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കിടയിലും വികസന പദ്ധതികൾ നടപ്പാക്കാൻ ഇടതു സർക്കാരിന് കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനെതിരെ എല്ലാ പ്രതിപക്ഷ ശക്തികളും ഒന്നിച്ചുവെന്ന് ആരോപിച്ച തോമസ് ഐസക്, ബി.ജെ.പിയുടെ സാമ്പത്തിക നയങ്ങളോട് കോൺഗ്രസിന് അടിസ്ഥാനപരമായ എതിർപ്പില്ലെന്നും വിമർശിച്ചു. കിഫ്ബി വായ്പയെ സംസ്ഥാന സർക്കാർ വായ്പയായി കണക്കാക്കി കേരളത്തിന്റെ സാമ്പത്തിക ശേഷി ചുരുക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങൾക്ക് അവരുടെ വരുമാനത്തിന്റെ 50 ശതമാനം വരെ വായ്പ എടുക്കാൻ അനുമതി ലഭിച്ചപ്പോൾ കേരളത്തിന് ലഭിച്ചത് 27 ശതമാനം മാത്രമാണെന്നും, സംസ്ഥാനത്തിന്റെ വായ്പാ പരിധിയുടെ 40 ശതമാനം കേന്ദ്രം വെട്ടിക്കുറച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രത്തിന്റെ സാമ്പത്തിക നിയന്ത്രണങ്ങൾക്കിടയിലും തനത് വരുമാനം വർധിപ്പിച്ചാണ് കേരളം സാമ്പത്തികമായി പിടിച്ചുനിന്നതെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.
