അയോധ്യ ശ്രീരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പും ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇടപെടാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചു. വിഷയത്തിൽ ഉത്തർപ്രദേശ് സർക്കാർ ഇതിനകം അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ലഖ്‌നൗ ബെഞ്ച് ഹർജി പരിഗണിക്കാൻ തയ്യാറാകാതിരുന്നത്. എന്നാൽ ക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങൾ കൂടുതൽ ഗുരുതരമാകുകയാണ്.
രാമക്ഷേത്ര പരിസരത്തിന്റെ വിസ്തൃതി 70 ഏക്കറിൽ നിന്ന് 170 ഏക്കറായി വികസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി നടന്ന ഭൂമി വാങ്ങലുകളിൽ വൻ ക്രമക്കേടുകൾ ഉണ്ടായതായി പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിപണി വിലയുടെ പതിനേഴിരട്ടി വരെ നൽകി ഭൂമി വാങ്ങിയതായും, നിയമപരമായ തർക്കങ്ങൾ നിലനിന്നിരുന്ന സ്ഥലങ്ങൾ പോലും കോടികൾ ചെലവഴിച്ച് ട്രസ്റ്റ് സ്വന്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. ഈ ഇടപാടുകളുടെ വിശദാംശങ്ങൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്.
സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി നൂറിലധികം പേരുടെ മൊഴികൾ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുപതിലധികം പേർക്കെതിരെ കേസെടുക്കണമെന്ന ശുപാർശ പ്രാഥമിക റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. അന്വേഷണ നടപടികളുടെ ഭാഗമായി ട്രസ്റ്റ് ഭാരവാഹികളോടും ജീവനക്കാരോടും അയോധ്യ വിട്ടുപോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.
കുംഭമേളക്കാലത്ത് ക്ഷേത്രത്തിലേക്ക് ലഭിച്ച വലിയ തോതിലുള്ള സംഭാവനകളുടെ കണക്കെടുപ്പിൽ ഗുരുതര വീഴ്ചകൾ സംഭവിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ലഭിച്ച തുകകളുടെ കൃത്യമായ രേഖകൾ സൂക്ഷിച്ചിട്ടില്ലെന്ന കണ്ടെത്തൽ അന്വേഷണത്തിന് പുതിയ വഴിത്തിരിവായി മാറിയിരിക്കുകയാണ്.
ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണെന്നാണ് സൂചന. അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് രാമജന്മഭൂമി പ്രക്ഷോഭത്തിലെ മുൻ കർസേവകരടക്കം പൊലീസിനെ സമീപിച്ചിട്ടുണ്ട്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. അയ്യായിരം കോടി രൂപയുടെ വരെ തട്ടിപ്പ് നടന്നിട്ടുണ്ടാകാമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. അതേസമയം, സംഭവവികാസങ്ങൾ വിലയിരുത്തുന്നതിനായി അയോധ്യ സന്ദർശിക്കുമെന്ന് അരവിന്ദ് കെജ്രിവാളും പ്രഖ്യാപിച്ചിട്ടുണ്ട്.
