അയോധ്യ രാമക്ഷേത്രത്തിൽ കോടികളുടെ ക്രമക്കേട് ആരോപണം; റിപ്പോർട്ട് തേടി പ്രധാനമന്ത്രിയുടെ ഓഫീസ്

അയോധ്യ രാമക്ഷേത്രത്തിലെ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടി. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) റിപ്പോർട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തുമെന്നാണ് റിപ്പോർട്ട്.

ക്ഷേത്രത്തിലേക്കുള്ള വഴിപാടുകളിൽ നിന്ന് ഏകദേശം ഏഴ് കോടി രൂപയും കാണിക്കയായി ലഭിച്ച വെള്ളിക്കട്ടികളും കാണാതായെന്ന പരാതിയിലാണ് നടപടി. സംഭവത്തിൽ സിബിഐ അല്ലെങ്കിൽ ഇഡി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് ഡോ. രജനീഷ് സിങ് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ക്ഷേത്ര ട്രസ്റ്റിന്റെ അധികാരങ്ങൾ മരവിപ്പിക്കുകയും ഭരണച്ചുമതല ജില്ലാ മജിസ്ട്രേറ്റ് ശശാങ്ക് ത്രിപാഠിക്ക് കൈമാറുകയും ചെയ്തു. ക്ഷേത്രത്തിലെ കാണിക്കകൾ എണ്ണുന്നതിനുള്ള നടപടിക്രമങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. പണം കൈകാര്യം ചെയ്യുന്ന എല്ലാ ഘട്ടങ്ങളും ഇനി വീഡിയോയിൽ രേഖപ്പെടുത്തണം. പണം എണ്ണുന്ന മുറിയിൽ ഒരു സിസിടിവി മാത്രമുണ്ടായിരുന്നതിന് പകരം ആറു സിസിടിവികൾ സ്ഥാപിക്കുകയും നിരീക്ഷണ സംവിധാനം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക