ഇറാൻ ഹോർമുസിനെ സാമ്പത്തിക ആണവായുധമായി ഉപയോഗിക്കുന്നു: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇറാനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. ഹോർമുസ് കടലിടുക്ക് ഇറാൻ സാമ്പത്തിക ആണവായുധം പോലെ ഉപയോഗിക്കാൻ ശ്രമിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഇറാന്റെ നിബന്ധനകൾ പ്രകാരം മാത്രം ജലപാത തുറക്കാനുള്ള സാഹചര്യം അമേരിക്ക അംഗീകരിക്കില്ലെന്നും ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ മാറ്റിവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കൻ മാധ്യമങ്ങളായ ആക്സിയോസും മറ്റ് റിപ്പോർട്ടുകളും പ്രകാരം, ഇറാൻ അമേരിക്കയ്ക്ക് പുതിയൊരു നിർദേശം കൈമാറിയിട്ടുണ്ട്. അതിൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുകയും യുദ്ധം അവസാനിപ്പിക്കുകയും ചെയ്യുന്നതിനുള്ള പദ്ധതിയും ഉൾപ്പെടുന്നു. എന്നാൽ ആണവ ചർച്ചകൾ പിന്നീട് പരിഗണിക്കാമെന്ന നിലപാടാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്.

ഫോക്സ് ന്യൂസിനോട് പ്രതികരിക്കുമ്പോൾ ഈ നിർദേശത്തെ റൂബിയോ സംശയത്തോടെ വിലയിരുത്തി. “കടലിടുക്ക് തുറക്കുന്നു എന്ന് പറയുമ്പോൾ അത് ഇറാന്റെ അനുമതിയോടെ മാത്രം പ്രവർത്തിക്കേണ്ട അവസ്ഥയാണ് അവർ ഉദ്ദേശിക്കുന്നത്. അത് യഥാർത്ഥത്തിൽ തുറക്കലല്ല,” അദ്ദേഹം പറഞ്ഞു.

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ നിയന്ത്രണം അപകടകരമായ ഒരു അന്താരാഷ്ട്ര കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് റൂബിയോ മുന്നറിയിപ്പ് നൽകി. സൂയസ് കനാലോ പനാമ കനാലോ പോലെയല്ല ഇത് അന്താരാഷ്ട്ര ജലപാതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കടലിടുക്കിനെ ഇറാൻ ലോകത്തിനെതിരെ ഉപയോഗിക്കാൻ ശ്രമിക്കുന്ന “സാമ്പത്തിക ആണവായുധം” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ഇതിനിടെ ഇറാന്റെ ആണവ പദ്ധതിയാണ് നിലവിലെ പ്രതിസന്ധിയുടെ പ്രധാന കാരണമെന്നും, അതാണ് ഈ സാഹചര്യം സൃഷ്ടിച്ചതെന്നും റൂബിയോ ആവർത്തിച്ചു വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക