കേന്ദ്ര സർക്കാറിന്റെ എഥനോൾ-പെട്രോൾ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ. ഭക്ഷ്യവിളകൾ ഇന്ധന ഉൽപ്പാദനത്തിനായി വ്യാപകമായി ഉപയോഗിക്കുന്നത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്നാണ് പാർട്ടി മുന്നറിയിപ്പ് നൽകിയത്. എഥനോൾ മിശ്രിത ഇന്ധന നയം പ്രധാനമായും വലിയ പഞ്ചസാര മില്ലുകൾക്കും കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും മാത്രമാണ് ഗുണകരമാകുകയെന്നും സിപിഐഎം ആരോപിച്ചു.
എഥനോൾ കലർത്തിയ ഇന്ധനത്തോടൊപ്പം സാധാരണ പെട്രോളും എല്ലാ പെട്രോൾ പമ്പുകളിലും ലഭ്യമാക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. നിലവിലെ 20 ശതമാനം എഥനോൾ മിശ്രിത പരിധിക്ക് മുകളിലേക്ക് പോകാൻ അനുവദിക്കരുതെന്നും, നയം പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്ത പക്ഷം ജനകീയ പ്രതിഷേധം ശക്തമാക്കുമെന്നും സിപിഐഎം മുന്നറിയിപ്പ് നൽകി.
പെട്രോളിൽ 20 ശതമാനം എഥനോൾ ചേർത്തുണ്ടാക്കുന്ന ഇ20 ഇന്ധനം വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുകയും അറ്റകുറ്റപ്പണി ചെലവ് വർധിപ്പിക്കുകയും ചെയ്യുമെന്ന് നേരത്തെ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് (SIAM) സർക്കാരിനെ അറിയിച്ചിരുന്നുവെന്ന് സിപിഐഎം ചൂണ്ടിക്കാട്ടി. എന്നാൽ പിന്നീട് ആ സംഘടന നിലപാട് പിൻവലിച്ചത് കേന്ദ്ര സർക്കാരിന്റെ സമ്മർദത്തെ തുടർന്നാണെന്ന ആരോപണവും പാർട്ടി ഉന്നയിച്ചു.
