തമിഴ്‌നാട് മുഖ്യമന്ത്രി കൂടിയായ തമിഴ്‌നാട് വെട്രി കഴകം അധ്യക്ഷൻ വിജയ്‌ക്കെതിരെ ഭാര്യ സംഗീത സമർപ്പിച്ചിരുന്ന വിവാഹമോചന ഹർജിയും താമസാവകാശ ഹർജിയും പിൻവലിച്ചു. ചെങ്കൽപ്പേട്ട് ജില്ലാ കുടുംബ കോടതിയിലാണ് സംഗീത ഹർജികൾ പിൻവലിച്ചത്. ഇതോടെ വിജയ്‌ക്കെതിരായ നിയമനടപടികൾക്ക് വിരാമമായി.
വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ദമ്പതികൾ കുറച്ചുകാലമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് കഴിഞ്ഞ വർഷം ഡിസംബറിലാണ് വിവാഹമോചനവും താമസാവകാശവും ആവശ്യപ്പെട്ട് സംഗീത കുടുംബ കോടതിയെ സമീപിച്ചത്.
കേസ് മുമ്പ് മൂന്ന് തവണ പരിഗണിച്ചിരുന്നു. ഇരുവരുടെയും പൊതു ജീവിതവും സുരക്ഷാ കാരണങ്ങളും പരിഗണിച്ച് നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കിയ കോടതി, വീഡിയോ കോൺഫറൻസിലൂടെ നടപടികളിൽ പങ്കെടുക്കാൻ അനുമതി നൽകിയിരുന്നു.
വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിച്ചപ്പോൾ, വിജയ് തമിഴ്‌നാട് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, കേസിൽ തുടർനടപടി വേണമെന്ന് സംഗീതയുടെ അഭിഭാഷക സംഘം ആവശ്യപ്പെട്ടതിനെ തുടർന്ന് കോടതി വിഷയം ഉച്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കാൻ മാറ്റിവെച്ചു.
ഉച്ചതിരിഞ്ഞ് നടന്ന വാദത്തിനിടെ സംഗീത വീഡിയോ കോൺഫറൻസിലൂടെ ഹാജരായി കോടതിയിൽ വിശദമായ മൊഴി നൽകി. തുടർന്ന് വിവാഹമോചന ഹർജിയും താമസാവകാശ ഹർജിയും പിൻവലിക്കാനുള്ള അപേക്ഷ സമർപ്പിക്കുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തു.
ഹർജികൾ പിൻവലിച്ചതോടെ കേസ് അവസാനിപ്പിച്ചതായി കോടതി വൃത്തങ്ങൾ അറിയിച്ചു. ഹർജികൾ പിൻവലിക്കാനുള്ള തീരുമാനത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് വിജയോ സംഗീതയോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
1999 ഓഗസ്റ്റ് 25-നാണ് വിജയ്‌യും സംഗീതയും വിവാഹിതരായത്. ദമ്പതികൾക്ക് ഒരു മകനും ഒരു മകളുമുണ്ട്.
