ലക്ഷക്കണക്കിന് യുവാക്കളെ സമീപിച്ചിട്ടും താൽപര്യപ്പെട്ടത് 530 പേർ മാത്രം; സൈനിക റിക്രൂട്ട്മെന്റിൽ ജർമ്മനിക്ക് തിരിച്ചടി

സൈന്യത്തിന്റെ ശക്തി ഗണ്യമായി വർധിപ്പിക്കാനുള്ള ജർമ്മൻ സർക്കാരിന്റെ നീക്കത്തിന് പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെന്ന് റിപ്പോർട്ട്. പുതിയ സൈനിക രജിസ്ട്രേഷൻ പദ്ധതിയുടെ ഭാഗമായി ലക്ഷക്കണക്കിന് യുവാക്കളെ സമീപിച്ചെങ്കിലും വളരെ കുറച്ച് പേർ മാത്രമാണ് സായുധ സേനയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചതെന്ന് ജർമ്മൻ മാധ്യമമായ ഡൈ സീറ്റ് റിപ്പോർട്ട് ചെയ്തു.

2035 ഓടെ ജർമ്മൻ സൈന്യമായ ബുണ്ടസ്വെഹറിന്റെ ശക്തി നിലവിലെ 1.84 ലക്ഷം സൈനികരിൽ നിന്ന് 4.6 ലക്ഷമായി ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിൽ 2.6 ലക്ഷം സജീവ സൈനികരും 2 ലക്ഷം റിസർവ് സേനാംഗങ്ങളും ഉൾപ്പെടുമെന്ന് പ്രതിരോധമന്ത്രി ബോറിസ് പിസ്റ്റോറിയസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതിന്റെ ഭാഗമായി 18 വയസ്സ് തികഞ്ഞ യുവാക്കളെ ലക്ഷ്യമിട്ട് ഈ വർഷം തുടക്കത്തിൽ പ്രത്യേക സൈനിക രജിസ്ട്രേഷൻ പദ്ധതി ആരംഭിച്ചു. സൈനിക സേവനത്തിൽ പങ്കെടുക്കാനുള്ള സന്നദ്ധത വിലയിരുത്തുന്നതിനായി പുരുഷന്മാരോടും സ്ത്രീകളോടും ഓൺലൈൻ ചോദ്യാവലിക്ക് മറുപടി നൽകാൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഏകദേശം 2.98 ലക്ഷം യുവാക്കളെ പദ്ധതിയുടെ ഭാഗമായി സമീപിച്ചെങ്കിലും വെറും 530 പേർ മാത്രമാണ് സൈന്യത്തിൽ ചേരാൻ താൽപര്യം അറിയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ചോദ്യാവലിക്ക് മറുപടി നൽകുന്നത് പുരുഷന്മാർക്ക് നിർബന്ധമാക്കിയിരുന്നു. 1.53 ലക്ഷത്തിലധികം പുരുഷന്മാരിൽ 96 ശതമാനം പേരും മറുപടി നൽകിയതായി കണക്കുകൾ വ്യക്തമാക്കുന്നു. മറുപടി നൽകാതിരുന്നവർക്ക് ഭരണനടപടികൾ നേരിടേണ്ടി വരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്ത്രീകൾക്ക് സർവേയിൽ പങ്കെടുക്കുന്നത് ഐച്ഛികമായിരുന്നെങ്കിലും ആ വിഭാഗത്തിൽ നിന്ന് ലഭിച്ച പ്രതികരണം വെറും നാല് ശതമാനമായിരുന്നു. അതേസമയം, സർവേയിൽ പങ്കെടുത്ത അഞ്ച് യുവാക്കളിൽ ഒരാൾ സൈനിക സേവനത്തിൽ താൽപര്യം പ്രകടിപ്പിച്ചെങ്കിലും ഉടൻ ചേരാൻ തയ്യാറല്ലെന്നും അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ചേരാൻ ആലോചിക്കുന്നുവെന്നുമാണ് പലരും അറിയിച്ചതെന്ന് ഡൈ സീറ്റ് റിപ്പോർട്ട് ചെയ്യുന്നു.

ഇതിനിടെ പരമ്പരാഗത റിക്രൂട്ട്മെന്റ് നടപടികളും ബുണ്ടസ്വെഹർ തുടരുന്നുണ്ട്. ഈ വർഷം ആരംഭം മുതൽ നേരിട്ടുള്ള അപേക്ഷകളുടെ എണ്ണം 38,500 ആയി ഉയർന്നതായും ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 24 ശതമാനം കൂടുതലാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

യൂറോപ്പിലെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാകുന്ന സാഹചര്യത്തിൽ സൈനിക ശേഷി വർധിപ്പിക്കാനുള്ള ജർമ്മനിയുടെ ശ്രമങ്ങൾക്ക് യുവാക്കളിൽ നിന്നുള്ള പരിമിത പ്രതികരണം പുതിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക