തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ വീണ്ടും ‘തെറ്റ് തിരുത്തൽ’ രേഖ ; പാർലമെന്ററി മോഹത്തിനെതിരെ വിമർശനം

തിരഞ്ഞെടുപ്പ് തോൽവികളുടെ പശ്ചാത്തലത്തിൽ പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രവണതകളെ രൂക്ഷമായി വിമർശിച്ച് സിപിഎമ്മിൽ വീണ്ടും ‘തെറ്റ് തിരുത്തൽ’ രേഖ. ഡൽഹിയിൽ ചേർന്ന പൊളിറ്റ് ബ്യൂറോ യോഗം രേഖയ്ക്ക് അന്തിമരൂപം നൽകിയതായാണ് വിവരം. വരാനിരിക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ രേഖ വിശദമായ ചർച്ചയ്ക്ക് വിധേയമാക്കും.

പാർട്ടിക്കുള്ളിൽ വളർന്നുവരുന്ന തെറ്റായ പ്രവണതകൾ അടിയന്തരമായി തിരുത്തണമെന്ന് രേഖയിൽ കർശന നിർദേശം നൽകുന്നു. പാർലമെന്ററി സംവിധാനത്തിലൂടെ മാത്രമേ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകൂ എന്ന ധാരണ തെറ്റാണെന്നും ചില നേതാക്കളുടെ അധികാരമോഹവും പാർലമെന്ററി പദവികളോടുള്ള അമിത താൽപര്യവും പാർട്ടിക്ക് ദോഷകരമാണെന്നും രേഖ ചൂണ്ടിക്കാട്ടുന്നു.

മുതിർന്ന നേതാക്കൾ ഉൾപ്പെടെ പാർട്ടി വിട്ട് മറ്റ് രാഷ്ട്രീയ മുന്നണികളുടെ ഭാഗമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച സംഭവങ്ങളും ചർച്ചയിൽ വിമർശനവിധേയമായി. പാർട്ടി അച്ചടക്കത്തിനും ആശയപരമായ പ്രതിബദ്ധതയ്ക്കും വിരുദ്ധമായ ഇത്തരം നിലപാടുകൾ സംഘടനയുടെ ശക്തി ക്ഷയിപ്പിച്ചുവെന്നാണ് വിലയിരുത്തൽ.

കേരള ഘടകത്തിന്റെ റിപ്പോർട്ടിനെതിരെ പൊളിറ്റ് ബ്യൂറോയിൽ ഉയർന്ന വിമർശനങ്ങളും നിർദേശങ്ങളും ഉൾപ്പെടുത്തിയാണ് രേഖ വിപുലീകരിച്ചിരിക്കുന്നത്. സംസ്ഥാന റിപ്പോർട്ട് പൂർണമായി അംഗീകരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമായ മറുപടി നൽകിയില്ല.

പാർട്ടിയുടെ സംഘടനാ ദൗർബല്യങ്ങളും തെരഞ്ഞെടുപ്പ് തിരിച്ചടികളും വിലയിരുത്തി തിരുത്തൽ നടപടികൾക്ക് വഴിയൊരുക്കുന്ന രേഖയായി ഇതിനെ സിപിഎം നേതൃത്വം കാണുന്നു. അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച നിർണായക ചർച്ചകൾ നടക്കുമെന്നാണ് സൂചന.

മറുപടി രേഖപ്പെടുത്തുക