രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയില്‍ 323 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

വന്‍ മയക്കുമരുന്ന് വേട്ടയില്‍ 323 ഗ്രാം എംഡിഎംഎയുമായി രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ പാവറട്ടി സ്വദേശികളായ ഷിഫാസ്, ജിഷ്ണു, വിദ്യ, ശ്രീലക്ഷ്മി എന്നിവരാണ് പിടിയിലായത്.

സിറ്റി ഡാന്‍സാഫ് സംഘവും പൊലീസും ചേര്‍ന്ന് പീച്ചി വാണിയംപാറയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികള്‍ ആദ്യം കുടുങ്ങിയത്. പരിശോധനയില്‍ സ്ത്രീകളില്‍ ഒരാളുടെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയില്‍ രണ്ട് ഗ്രാം എംഡിഎംഎ കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷിഫാസിന്റെ കാക്കശ്ശേരിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 20 ഗ്രാം എംഡിഎംഎ കൂടി കണ്ടെത്തി. പിന്നാലെ ഗുരുവായൂര്‍ പഞ്ചാരമുക്കിലെ ഒരു അലുമിനിയം ഫാബ്രിക്കേഷന്‍ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ 300 ഗ്രാം എംഡിഎംഎ കൂടി പൊലീസ് പിടിച്ചെടുത്തു.

ആകെ 323 ഗ്രാം എംഡിഎംഎയാണ് പ്രതികളില്‍നിന്ന് പിടിച്ചെടുത്തത്. മയക്കുമരുന്നിന്റെ ഉറവിടം, വിതരണ ശൃംഖല, ലക്ഷ്യമിട്ടിരുന്ന വിപണന കേന്ദ്രങ്ങള്‍ എന്നിവ സംബന്ധിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. മയക്കുമരുന്ന് കടത്ത് ശൃംഖലയിലെ കൂടുതല്‍ കണ്ണികള്‍ കണ്ടെത്തുന്നതിനായി പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക