കൊച്ചിയിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ജാഥയെ തുടർന്നുണ്ടായ ഗതാഗതക്കുരുക്കിൽ പൊലീസ് കേസെടുത്തു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ. ഫിറോസ് എന്നിവരുൾപ്പെടെ 12 പേർക്കെതിരെയും കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പേർക്കെതിരെയുമാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്.
ഗോശ്രീ പാലം മുതൽ മറൈൻ ഡ്രൈവ് വരെ നടത്തിയ ജാഥയെ തുടർന്ന് നഗരത്തിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. ജാഥയ്ക്ക് അനുമതി നൽകിയിരുന്നെങ്കിലും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലീസ് നൽകിയ നിർദേശങ്ങൾ സംഘാടകർ പാലിച്ചില്ലെന്നാണ് എഫ്.ഐ.ആറിലെ പരാമർശം.
നഗരത്തിലുണ്ടായ രൂക്ഷമായ ഗതാഗതക്കുരുക്കിനെ തുടർന്ന് യാത്രക്കാർ ഏറെ ദുരിതത്തിലായിരുന്നു. സംഭവത്തിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു.
