ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണന്റെ വീട്ടിലെത്തി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. കഴിഞ്ഞ ദിവസം വിവാഹിതയായ ഗോപാലകൃഷ്ണന്റെ മകൾക്കും ഭർത്താവിനും ആശംസകൾ നേരാനാണ് മമ്മൂട്ടി ചേറൂർ ഗാന്ധിനഗറിലെ വസതിയിലെത്തിയത്. നിർമാതാവ് ആന്റോ ജോസഫും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വിവാഹച്ചടങ്ങിൽ പങ്കെടുക്കാമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ആലുവ പാലത്തിലെ ഗതാഗതക്കുരുക്കിൽപ്പെട്ടതോടെ മമ്മൂട്ടിക്ക് മടങ്ങേണ്ടിവന്നിരുന്നു. ഇതിനു പിന്നാലെയാണ് നവദമ്പതികളെ നേരിൽ കണ്ട് ആശംസകൾ അറിയിക്കാനായി വീട്ടിലെത്തിയത്. ഏകദേശം ഒരു മണിക്കൂറോളം വീട്ടിൽ ചെലവഴിച്ച മമ്മൂട്ടി, കാപ്പിയും മധുരക്കിഴങ്ങും കഴിച്ച ശേഷമാണ് മടങ്ങിയത്.
മമ്മൂട്ടിയുമായുള്ള വർഷങ്ങൾ നീണ്ട ആത്മബന്ധത്തെക്കുറിച്ച് ബി. ഗോപാലകൃഷ്ണൻ നേരത്തേ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പുകളും ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിയുടെ അസാധാരണമായ എളിമയാണ് തങ്ങൾ തമ്മിലുള്ള സൗഹൃദം ഇത്രത്തോളം ദൃഢമാക്കിയതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. പരസ്പര സ്നേഹവും സൗഹൃദവും സാധാരണമാണെങ്കിലും ഇത്രയധികം പ്രശസ്തനായ ഒരാളിൽ കാണുന്ന എളിമ അപൂർവമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിക്കൊപ്പം തോളിൽ കൈയിട്ട് നിൽക്കുന്ന ചിത്രവും ഗോപാലകൃഷ്ണൻ പങ്കുവെച്ചിരുന്നു.
