കഴിഞ്ഞ പത്ത് വർഷത്തിനിടെ പാകിസ്ഥാന്റെ വിദേശ കടം ഇരട്ടിയിലധികമായി വർധിച്ചതായി ലോകബാങ്കിന്റെ റിപ്പോർട്ട്. 2015ൽ 68.7 ബില്യൺ ഡോളറായിരുന്ന വിദേശ കടം 2025 ആയപ്പോഴേക്കും 135.1 ബില്യൺ ഡോളറിലെത്തി. ലോകബാങ്ക് പുറത്തിറക്കിയ ‘ഇന്റർനാഷണൽ ഡെറ്റ് റിപ്പോർട്ട് 2026’ലാണ് ഈ കണക്കുകൾ പുറത്തുവന്നത്. 2024ലെ 129.9 ബില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ 2025ൽ കടബാധ്യതയിൽ നാല് ശതമാനം വർധനയുണ്ടായി.
മൊത്തം വിദേശ കടത്തിൽ 107.08 ബില്യൺ ഡോളറും സർക്കാർ, സർക്കാർ ഗ്യാരണ്ടിയുള്ള വായ്പകളാണ്. സർക്കാർ ഗ്യാരണ്ടിയില്ലാത്ത സ്വകാര്യ മേഖലാ വായ്പകൾ 17.58 ബില്യൺ ഡോളറാണ്. ഹ്രസ്വകാല വായ്പകൾ 10.45 ബില്യൺ ഡോളറായും രേഖപ്പെടുത്തി. സർക്കാർ, സർക്കാർ ഗ്യാരണ്ടിയുള്ള വായ്പകളിൽ 56.83 ബില്യൺ ഡോളർ ബഹുരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽനിന്നും 42.43 ബില്യൺ ഡോളർ വിവിധ രാജ്യങ്ങളിൽനിന്നുമാണ്.
ചൈനയ്ക്ക് നൽകാനുള്ളത് 22.4 ബില്യൺ ഡോളർ
രാജ്യാടിസ്ഥാനത്തിൽ പാകിസ്ഥാന്റെ ഏറ്റവും വലിയ വായ്പാദാതാവ് ചൈനയാണ്. ഏകദേശം 22.4 ബില്യൺ ഡോളറാണ് ചൈനയ്ക്ക് നൽകാനുള്ളത്. ലോകബാങ്കിനോട് 19.2 ബില്യൺ ഡോളറും ഏഷ്യൻ വികസന ബാങ്കിനോട് 16.83 ബില്യൺ ഡോളറും പാകിസ്ഥാന് കടബാധ്യതയുണ്ട്.
വായ്പകളുടെ പലിശയും തിരിച്ചടവ് കാലാവധിയും പാകിസ്ഥാന് വലിയ വെല്ലുവിളിയാണ്. 2025ൽ ഔദ്യോഗിക വായ്പാദാതാക്കളിൽനിന്ന് ലഭിച്ച പുതിയ വായ്പകളുടെ ശരാശരി പലിശനിരക്ക് 3.6 ശതമാനമായിരുന്നു. 16 വർഷമാണ് ശരാശരി തിരിച്ചടവ് കാലാവധി. ആദ്യ തിരിച്ചടവിന് നാല് വർഷത്തെ ഇളവും ലഭിച്ചിരുന്നു.
എന്നാൽ സ്വകാര്യ വായ്പകളുടെ ശരാശരി പലിശനിരക്ക് 8.6 ശതമാനമാണ്. ഇവയുടെ തിരിച്ചടവ് കാലാവധി ശരാശരി മൂന്ന് വർഷം മാത്രമാണ്. ആദ്യ തിരിച്ചടവിന് ഒരു വർഷത്തെ ഇളവാണ് അനുവദിച്ചിരുന്നത്.
ദേശീയ വരുമാനത്തിന്റെ 34 ശതമാനം വിദേശ കടം
2025ൽ പാകിസ്ഥാന്റെ വിദേശ കടം മൊത്തം ദേശീയ വരുമാനത്തിന്റെ 34 ശതമാനമായി ഉയർന്നു. കയറ്റുമതിയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 33 ശതമാനവും കടം തിരിച്ചടയ്ക്കാനാണ് ചെലവഴിക്കുന്നത്. കടബാധ്യത കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഏകദേശം രണ്ട് ബില്യൺ ഡോളറിന്റെ വായ്പകളുടെ തിരിച്ചടവ് കാലാവധി ചൈന നീട്ടിനൽകിയിരുന്നു.
അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) എക്സ്റ്റെൻഡഡ് ഫണ്ട് ഫെസിലിറ്റി (ഇഎഫ്എഫ്), സ്റ്റെബിലിറ്റി ആൻഡ് റെസിലിയൻസ് ഫെസിലിറ്റി (ആർഎസ്എഫ്) പദ്ധതികൾക്കു കീഴിൽ 2.3 ബില്യൺ ഡോളറും പാകിസ്ഥാന് അനുവദിച്ചിട്ടുണ്ട്.
അതേസമയം, മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ (മെനാപ്) മേഖലകളിലും വിദേശ കടബാധ്യത വർധിക്കുന്നതായി ലോകബാങ്ക് മുന്നറിയിപ്പ് നൽകി. മേഖലയിലെ വിദേശ കടം-ജിഡിപി അനുപാതം 2024ലെ 26.7 ശതമാനത്തിൽനിന്ന് 2025ൽ 29.4 ശതമാനമായി ഉയർന്നു. ലോകബാങ്കിന്റെ പ്രാദേശിക വിഭാഗങ്ങളിൽ ഏറ്റവും ഉയർന്ന വാർഷിക വർധനയാണിതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
