തമിഴ് സിനിമയിൽ സംവിധായകൻ വെട്രിമാരനൊപ്പം പ്രവർത്തിക്കണമെന്ന ആഗ്രഹം തുറന്നുപറഞ്ഞ് ബോളിവുഡ് താരം ജാൻവി കപൂർ. തമിഴിലെ തന്റെ പ്രിയപ്പെട്ട നടി സായ് പല്ലവിയാണെന്നും താരം വ്യക്തമാക്കി. ഗലാട്ടാ തമിഴിന് നൽകിയ അഭിമുഖത്തിലാണ് ജാൻവിയുടെ വെളിപ്പെടുത്തൽ.
ചെറുപ്പം മുതൽ തെന്നിന്ത്യൻ സിനിമകൾ കാണാറുണ്ടെന്നും അച്ഛൻ ബോണി കപൂർ നിർമിച്ച നിരവധി ബോളിവുഡ് ചിത്രങ്ങൾ ദക്ഷിണേന്ത്യൻ സിനിമകളുടെ റീമേക്കുകളായിരുന്നുവെന്നും ജാൻവി പറഞ്ഞു. ബോളിവുഡിൽനിന്ന് ഏറെ വ്യത്യസ്തമാണ് തമിഴ്, തെലുങ്ക് സിനിമകളുടെ അവതരണരീതിയെന്നും താരം അഭിപ്രായപ്പെട്ടു.
തെലുങ്കിൽ രണ്ട് സിനിമകൾ ചെയ്തിട്ടുള്ള ജാൻവി, മികച്ച കഥയ്ക്കായി കാത്തിരിക്കുകയാണെന്നും തമിഴിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്നും വ്യക്തമാക്കി. ഒരു പ്രത്യേക നടനൊപ്പം മാത്രം പ്രവർത്തിക്കണമെന്ന ആഗ്രഹമില്ലെന്നും എല്ലാവർക്കൊപ്പവും സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
തമിഴിലെ തന്റെ ഇഷ്ടസംവിധായകൻ വെട്രിമാരനാണെന്നും അദ്ദേഹത്തിന്റെ സിനിമകളെല്ലാം കണ്ടിട്ടുണ്ടെന്നും ജാൻവി പറഞ്ഞു. സായ് പല്ലവിയുടെ അഭിനയമികവിനെയും താരം പ്രശംസിച്ചു. ശിവകാർത്തികേയനും സായ് പല്ലവിയും അഭിനയിച്ച ‘അമരൻ’ ഏറെ ഇഷ്ടപ്പെട്ട ചിത്രമാണെന്നും ഇരുവരുടെയും പ്രകടനം മികച്ചതായിരുന്നുവെന്നും ജാൻവി കൂട്ടിച്ചേർത്തു. സമീപകാലത്ത് കണ്ട തമിഴ് ചിത്രങ്ങളിൽ ‘ബ്ലാസ്റ്റ്’ ആണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്നും താരം പറഞ്ഞു.
