കേരളത്തിന് ചിരിക്കുന്ന മുഖമുള്ള ഒരു മുഖ്യമന്ത്രിയെ സമ്മാനിക്കാൻ കഴിഞ്ഞതിൽ പറവൂരുകാർക്ക് അഭിമാനിക്കാമെന്ന് നടൻ സലിം കുമാർ. കൊച്ചിയിൽ മുഖ്യമന്ത്രി വി.ഡി. സതീശന് നൽകിയ പൗരസ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു രാഷ്ട്രീയ ത്രില്ലർ സിനിമയുടെ ക്ലൈമാക്സിനെ ഓർമ്മിപ്പിക്കുന്ന തരത്തിലായിരുന്നു സതീശന്റെ മുഖ്യമന്ത്രിപദത്തിലെത്തലെന്നും സലിം കുമാർ പറഞ്ഞു.
“ഏകദേശം പത്ത് ദിവസത്തോളം കേരളത്തെ മുഴുവൻ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ശേഷമാണ് ആ സന്തോഷവാർത്ത ജനങ്ങളിലെത്തിയത്. ഒടുവിൽ പറവൂരുകാർക്ക് അഭിമാനത്തോടെ പറയാൻ കഴിഞ്ഞു — കേരളത്തിന് പുഞ്ചിരിക്കുന്ന മുഖമുള്ള ഒരു മുഖ്യമന്ത്രിയെ നൽകാൻ ഞങ്ങൾക്കും പങ്കുണ്ടെന്ന്,” അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം മറിച്ചായിരുന്നുവെങ്കിൽ വി.ഡി. സതീശൻ എന്ന നേതാവിന്റെ രാഷ്ട്രീയജീവിതം തന്നെ അവസാനിക്കുമായിരുന്നുവെന്നും, എന്നാൽ എല്ലാ പ്രതിസന്ധികളെയും മറികടന്ന് ധൈര്യത്തോടെ മുന്നോട്ട് പോയ അദ്ദേഹത്തിന്റെ ചങ്കൂറ്റം അഭിനന്ദനാർഹമാണെന്നും സലിം കുമാർ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് ഒരു മാധ്യമം സൗഹൃദത്തെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പ് എഴുതാമോ എന്ന് ചോദിച്ചതായും സലിം കുമാർ വെളിപ്പെടുത്തി. “അടുത്ത ദിവസം ആശുപത്രിയിൽ ചികിത്സയ്ക്ക് പോകേണ്ടതിനാൽ അന്നുതന്നെ ഞാൻ അത് എഴുതി നൽകി. പിന്നീട് അവർ ചോദിച്ചു — ഇത് ഇപ്പോൾ തന്നെ പ്രസിദ്ധീകരിക്കട്ടെയോ എന്ന്. ഞാൻ പറഞ്ഞു, പ്രസിദ്ധീകരിക്കാം. കാരണം അത് ഞാൻ ഹൃദയത്തിൽ നിന്നെഴുതിയ വാക്കുകളാണ്; ഫ്രീസറിൽ വെച്ച് സൂക്ഷിക്കേണ്ട ഒന്നല്ല,” അദ്ദേഹം പറഞ്ഞു.
