സൈക്കിളില്‍ പോയി പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്; താന്‍ പൊട്ടിമുളച്ചുവന്ന നേതാവല്ലെന്ന് രമേശ് ചെന്നിത്തല

താന്‍ പൊട്ടിമുളച്ചുവന്ന നേതാവല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല . സ്ഥാനങ്ങളെക്കാള്‍ പാര്‍ട്ടിക്കാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷന്റെ നിര്‍ദേശത്തെ മാനിച്ച് മുഖ്യമന്ത്രി ചര്‍ച്ചകളെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊച്ചിയില്‍ നടന്ന പി.കെ. ദിവാകരന്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. സൈക്കിളില്‍ സഞ്ചരിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയ കാലം ഉണ്ടായിരുന്നുവെന്നും ഇന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചാല്‍ പോലും നേതാവാകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

കെഎസ്‌യു ട്രഷററായി പ്രവര്‍ത്തിച്ചിരുന്ന സമയത്തെ അനുഭവവും അദ്ദേഹം പങ്കുവെച്ചു. അന്ന് ഫണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ലെന്നും, അത് ഒരു അലങ്കാര പദവിയാണെന്ന് വി എം സുധീരന്‍ പറഞ്ഞതായി ഓര്‍മിപ്പിച്ചു. നിരവധി പ്രയാസങ്ങളും വെല്ലുവിളികളും മറികടന്നാണ് ഈ നിലയിലെത്തിയതെന്നും ചെന്നിത്തല വ്യക്തമാക്കി.

സംസ്ഥാനത്തെ വൈദ്യുതി സാഹചര്യം ചൂണ്ടിക്കാട്ടിയും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തി. ലോഡ് ഷെഡ്ഡിങ് ഇല്ലാത്ത പത്ത് വര്‍ഷം എന്ന അവകാശവാദം പൊള്ളയായതായി തെളിഞ്ഞെന്നും, ഇപ്പോള്‍ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് നിലനില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, വി ഡി സതീശനെ അനുകൂലിച്ച് കണ്ണൂരിലും ആലുവയിലും ഉയര്‍ന്ന ഫ്‌ലക്‌സ് വിവാദത്തില്‍ ചെന്നിത്തല പ്രതികരിക്കാന്‍ തയ്യാറായില്ല.

മറുപടി രേഖപ്പെടുത്തുക