തിരഞ്ഞെടുപ്പ് തോൽവി: വർഗ്ഗീയവിരുദ്ധ നിലപാട് ശക്തമാക്കാൻ സി.പി.ഐ.എം; വെള്ളാപ്പള്ളി നടേശന്റെ നിലപാടുകളെ ശക്തമായി തള്ളിപ്പറയണം

നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സംസ്ഥാനത്ത് വർഗ്ഗീയവിരുദ്ധ നിലപാടുകൾ കൂടുതൽ ശക്തമാക്കാൻ സി.പി.ഐ.എം. സംസ്ഥാന സമിതി യോഗത്തിൽ തീരുമാനം. ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാത്തരം വർഗ്ഗീയതകളെയും പാർട്ടി ശക്തമായി എതിർക്കും.

ഇതിന്റെ ഭാഗമായി മുസ്ലീം ലീഗിന്റെ വർഗ്ഗീയ സമീപനങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടാനും, എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടുകളെ ശക്തമായി തള്ളിപ്പറയണമെന്നും സംസ്ഥാന സമിതിയിൽ ആവശ്യമുയർന്നു.

തോൽവിക്ക് കാരണം സ്ഥാനാർത്ഥി നിർണ്ണയത്തിൽ സംഭവിച്ച പാളിച്ചകളാണെന്ന് യോഗത്തിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി. പാർട്ടിക്ക് ഏറെ സ്വാധീനമുള്ള കണ്ണൂർ മണ്ഡലത്തിലുണ്ടായത് വലിയ വീഴ്ചയാണെന്ന കടുത്ത വിമർശനമാണ് ഉയർന്നത്. തളിപ്പറമ്പ്, പയ്യന്നൂർ മേഖലകളിൽ അടക്കം വോട്ട് ചോർന്നതിൽ ജില്ലാ-സംസ്ഥാന നേതൃത്വങ്ങൾക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി.

സംസ്ഥാന സമിതിയിൽ ഉയർന്നുവന്ന വിമർശനങ്ങൾക്ക് മറുപടിയായി, പാർട്ടിക്ക് സംഭവിച്ച വീഴ്ചകൾ പരിശോധിച്ചു തിരുത്തുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ യോഗത്തെ അറിയിച്ചു. തോൽവിയെക്കുറിച്ച് കൂടുതൽ വിശാലമായ ചർച്ചകൾ നടത്തുന്നതിനായി ഓഗസ്റ്റ് മാസത്തിൽ വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേരാനും തീരുമാനമായിട്ടുണ്ട്.

ഓഗസ്റ്റിലെ യോഗത്തിന് മുൻപായി പാർട്ടിയുടെ കീഴ്ഘടകങ്ങളിൽ ഒരു വട്ടം കൂടി കൃത്യമായ ചർച്ചകൾ നടത്തി താഴെത്തട്ടിൽ നിന്നുള്ള നിർദ്ദേശങ്ങളും വിമർശനങ്ങളും പൂർണ്ണമായി ഉൾക്കൊള്ളും. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലമായ യോഗമായിരിക്കും ഓഗസ്റ്റിൽ നടക്കുകയെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക