നിതേഷ് തിവാരിയുടെ ‘രാമായണ’ത്തിൽ കാജൽ അഗർവാൾ; മണ്ഡോദരിയായി എത്തുന്നു

ബോളിവുഡ് സംവിധായകൻ നിതേഷ് തിവാരി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ-ഇന്ത്യൻ ചിത്രം ‘രാമായണ’ത്തിൽ താനും ഭാഗമാണെന്ന് സ്ഥിരീകരിച്ച് നടി കാജൽ അഗർവാൾ. അടുത്തിടെ നടന്ന ഒരു അവാർഡ് ദാന ചടങ്ങിൽ സംസാരിക്കവേയാണ് താരം ഈ ബിഗ് പ്രോജക്റ്റിനെക്കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായി വ്യക്തമാക്കിയത്. ചിത്രത്തിൽ രാവണന്റെ ഭാര്യയായ മണ്ഡോദരിയുടെ പ്രധാന വേഷത്തിലാണ് കാജൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യൻ സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അത്ഭുതകരമായ സാങ്കേതിക സവിശേഷതകളോടെയാണ് ഈ ചിത്രം രൂപപ്പെടുന്നതെന്നും തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ നാഴികക്കല്ലായിരിക്കും ഈ ചിത്രമെന്നും കാജൽ അഗർവാൾ ചടങ്ങിൽ പറഞ്ഞു. ഏറെ ആകാംക്ഷയോടെയാണ് താൻ ഈ പ്രോജക്റ്റിനായി കാത്തിരിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.

ബോളിവുഡും സൗത്ത് ഇന്ത്യൻ സിനിമയും ഒന്നിക്കുന്ന വൻ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ചിത്രത്തിൽ രൺബീർ കപൂർ ശ്രീരാമനായും തെന്നിന്ത്യൻ താരം സായ് പല്ലവി സീതയായും വേഷമിടുന്നു. കന്നഡ സൂപ്പർ താരം യാഷ് ആണ് ചിത്രത്തിൽ ലങ്കാധിപതിയായ രാവണനായി എത്തുന്നത്.

ബോളിവുഡ് താരം സണ്ണി ഡിയോൾ ഹനുമാന്റെ വേഷത്തിൽ ചിത്രത്തിന്റെ ഭാഗമാകും. വലിയ കാൻവാസിൽ ഒരുങ്ങുന്ന ‘രാമായണം’ രണ്ട് ഭാഗങ്ങളായാണ് തിയേറ്ററുകളിൽ എത്തുക. ചിത്രത്തിന്റെ ആദ്യ ഭാഗം 2026-ൽ ദീപാവലി റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. രണ്ടാം ഭാഗം തൊട്ടടുത്ത വർഷമായ 2027-ലും റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.

മറുപടി രേഖപ്പെടുത്തുക