ഇസ്രായേൽ വെടിനിർത്തൽ ലംഘനങ്ങൾക്ക് ഇറാൻ അമേരിക്കയെ കുറ്റപ്പെടുത്തുന്നു; ഇരുപക്ഷത്തോടും ആക്രമണം നിർത്താൻ ട്രംപ് ആവശ്യപ്പെടുന്നു

ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ പ്രതിരോധ സേന കടുത്ത വ്യോമാക്രമണം നടത്തിയതിന് പിന്നാലെ പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും വൻതോതിൽ രൂക്ഷമാകുന്നു. വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ നടത്തുന്ന ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്തം അമേരിക്കയ്ക്കാണെന്ന് ഇറാൻ ആരോപിച്ചു. ഇസ്രായേലിന്റെ നടപടികൾക്ക് മറുപടിയായി ഇറാൻ തിരിച്ചടി ആരംഭിച്ചതോടെ, ഇറാന്റെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ പുതിയ വ്യോമാക്രമണ പരമ്പരകൾ അഴിച്ചുവിട്ടു.

ആക്രമണം ശക്തമാക്കരുതെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കൂടുതൽ യുദ്ധത്തിലേക്ക് തള്ളിവിടരുതെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്. ബെയ്റൂട്ടിൽ നടന്ന ആക്രമണങ്ങൾ അമേരിക്കയുമായി ആലോചിച്ചല്ല എന്ന് വ്യക്തമാക്കിയ ട്രംപ്, ഇരുപക്ഷവും യുദ്ധം കളിച്ച് “രസിക്കുകയാണെന്നും” ഇത് അടിയന്തരമായി നിർത്തണമെന്നും ആവശ്യപ്പെട്ടു.

“ഇസ്രായേലും ഇറാനും ഉടൻ തന്നെ വെടിവയ്പ്പ് നിർത്തണം” എന്ന് അദ്ദേഹം പിന്നീട് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയും ആഹ്വാനം ചെയ്തു. പ്രസിഡന്റ് ട്രംപിന്റെ മുന്നറിയിപ്പുകൾ അവഗണിച്ചാണ് ഇസ്രായേൽ ആക്രമണവുമായി മുന്നോട്ട് പോയത്. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാൻ, ഇസ്ഫഹാൻ, തബ്രിസ്, കരാജ് എന്നിവിടങ്ങളിലും ഇറാന്റെ പ്രധാന എണ്ണ-പെട്രോകെമിക്കൽ കേന്ദ്രങ്ങളിലൊന്നായ മഹ്‌ഷഹർ പ്രത്യേക സാമ്പത്തിക മേഖലയിലെ ‘കരുൺ പെട്രോകെമിക്കൽ കമ്പനി’യിലും വൻ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധം രൂക്ഷമായതോടെ ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയർന്ന് ബാരലിന് 100 ഡോളറിനടുത്തെത്തി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ബ്രെന്റ് ക്രൂഡ് ഓയിൽ 4.2 ശതമാനം ഉയർന്ന് ബാരലിന് 96.90 ഡോളറിലെത്തി. യുഎസ് ഡബ്ല്യുടിഐ 4.6 ശതമാനം ഉയർന്ന് ബാരലിന് 94.70 ഡോളറിലെത്തി.

മറുപടി രേഖപ്പെടുത്തുക