തൊഴിലില്ലായ്മ പ്രതിസന്ധി മോദി സർക്കാരിന് മുന്നിൽ ഒരു വലിയ വെല്ലുവിളി; ബിബിസിയുടെ പ്രത്യേക റിപ്പോർട്ട്

പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെ തുടർന്നുണ്ടായ രാജ്യവ്യാപക പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചെങ്കിലും, യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന അസംതൃപ്തി കേന്ദ്ര സർക്കാരിന് ദീർഘകാല വെല്ലുവിളിയാകാമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഇതുസംബന്ധിച്ച് അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.

പ്രതിസന്ധിക്ക് പിന്നാലെ ചോർച്ചക്കേസുകൾ വേഗത്തിൽ പരിഗണിക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്നും പരീക്ഷാ സംവിധാനത്തിൽ പരിഷ്കാരങ്ങൾ നിർദേശിക്കാൻ നന്ദൻ നിലേകണിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. എന്നാൽ തൊഴിലവസരങ്ങളുടെ കുറവും വിദ്യാഭ്യാസ സംവിധാനത്തിലെ പോരായ്മകളും യുവാക്കളിൽ നിരാശ വർധിപ്പിക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക വിദഗ്ധൻ സന്തോഷ് മെഹ്‌റോത്രയുടെ അഭിപ്രായത്തിൽ, കഴിഞ്ഞ ഒരു ദശകമായി തൊഴിൽ വിപണി സാഹചര്യങ്ങൾ മോശമായിട്ടുണ്ട്. കാർഷികേതര മേഖലകളിലെ തൊഴിൽസൃഷ്ടി മന്ദഗതിയിലായതും യഥാർഥ വേതനം ഉയരാതിരുന്നതും സ്ഥിതി കൂടുതൽ സങ്കീർണമാക്കിയതായി അദ്ദേഹം വിലയിരുത്തി.

അതേസമയം, അസിം പ്രേംജി സർവകലാശാലയുടെ സ്റ്റേറ്റ് ഓഫ് വർക്കിംഗ് ഇന്ത്യ 2026 റിപ്പോർട്ട് പ്രകാരം ബിരുദധാരികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 35 മുതൽ 40 ശതമാനം വരെയാണ്. നിർമ്മാണ മേഖലയിലെ ഇടിവും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വ്യാപനത്തെ തുടർന്നുള്ള ഐടി നിയമനമന്ദ്യവും തൊഴിൽ പ്രതിസന്ധി രൂക്ഷമാക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

വൈദഗ്ധ്യാധിഷ്ഠിത തൊഴിലുകളിലേക്കും യുവാക്കൾ കൂടുതൽ തിരിയേണ്ടതുണ്ടെന്നും, യുവജനങ്ങളുടെ തൊഴിൽ-വിദ്യാഭ്യാസ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

മറുപടി രേഖപ്പെടുത്തുക