അയോധ്യ രാമക്ഷേത്രത്തിന് സമർപ്പിച്ച 60 കിലോ വെള്ളി കട്ടികൾ കാണാതായി; അന്വേഷണം ശക്തമാക്കി എസ്‌ഐടി

രാമക്ഷേത്ര ട്രസ്റ്റിന് സംഭാവനയായി ലഭിച്ച 60 കിലോ വെള്ളി കട്ടികൾ കാണാതായെന്ന ആരോപണത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷണം ശക്തമാക്കി. പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജ്വല്ലേഴ്‌സ് അസോസിയേഷൻ രാംലല്ലയ്ക്ക് സമർപ്പിച്ച വെള്ളി കട്ടികളാണ് ഇപ്പോൾ ദുരൂഹമായി കാണാതായതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ആഭരണങ്ങളുടെയും വഴിപാടുകളുടെയും മേൽനോട്ട ചുമതലയുള്ള കൃഷ്ണദേവ് തിവാരി ഉൾപ്പെടെ നാല് പേരെ എസ്‌ഐടി ചോദ്യം ചെയ്തു. ക്ഷേത്രത്തിലെ സംഭാവനകളും വിലപിടിപ്പുള്ള വസ്തുക്കളും കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ ആറു ദിവസമായി വെള്ളി കട്ടികളുടെ നിലവിലെ സ്ഥിതിയെക്കുറിച്ചുള്ള രേഖകൾ ശേഖരിക്കാൻ എസ്‌ഐടി ശ്രമിച്ചുവരികയാണ്. എന്നാൽ വെള്ളി കട്ടികൾ സ്വീകരിച്ചതോ സൂക്ഷിച്ചതോ ഉപയോഗിച്ചതോ സംബന്ധിച്ച വ്യക്തമായ രേഖകൾ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരം.

ട്രസ്റ്റിന്റെ സ്റ്റോക്ക് രജിസ്റ്ററുകളിലും സംഭാവന രേഖകളിലും വെള്ളി കട്ടികളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭിക്കാത്തത് അന്വേഷണ സംഘത്തിന്റെ സംശയം ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, വെള്ളി സംഭാവന നൽകിയ ജ്വല്ലേഴ്‌സ് അസോസിയേഷൻ ട്രസ്റ്റിന് വെള്ളി കൈമാറിയതിന്റെ ഔദ്യോഗിക രസീത് തങ്ങളുടെ കൈവശമുണ്ടെന്ന് വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്വർണ-വെള്ളി വ്യാപാരികളിൽ നിന്ന് സംഭാവനയായി ലഭിച്ച വെള്ളി ഉപയോഗിച്ചാണ് 60 കിലോ വെള്ളി കട്ടികൾ നിർമ്മിച്ച് ക്ഷേത്ര ട്രസ്റ്റിന് കൈമാറിയതെന്ന് അസോസിയേഷൻ പ്രസിഡന്റ് അനുരാഗ് രസ്തോഗി പറഞ്ഞു.

ക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങളിലോ പ്രാണപ്രതിഷ്ഠാ ചടങ്ങുകളിലോ പിന്നീട് നടന്ന പരിപാടികളിലോ ഈ വെള്ളി കട്ടികൾ ഉപയോഗിച്ചതായി കണ്ടിട്ടില്ലെന്നും അതിനുശേഷമാണ് അവയുടെ വിവരങ്ങൾ ലഭ്യമല്ലാതായതെന്നും അദ്ദേഹം ആരോപിച്ചു.

സംഭാവനകളുടെ കൈകാര്യം ചെയ്യൽ, പണം എണ്ണൽ, ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കൽ തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്ന ജീവനക്കാരെയും അന്വേഷണ സംഘം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ട്രസ്റ്റിലെ നിയമന രേഖകളും സംഭാവന കൈമാറ്റവുമായി ബന്ധപ്പെട്ട ഫയലുകളും എസ്‌ഐടി പരിശോധിച്ചുവരികയാണ്.

കാണാതായ വെള്ളി കട്ടികൾ നിലവിൽ എവിടെയാണെന്നും അവ ഔദ്യോഗിക സ്റ്റോക്ക് ലിസ്റ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടോയെന്നും കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

മറുപടി രേഖപ്പെടുത്തുക