അമേരിക്ക ഒരു വിശ്വസനീയ പങ്കാളിയാണെന്ന് സഖ്യകക്ഷികൾക്ക് ഇനി ഉറപ്പില്ല: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

അമേരിക്ക ഇനി “വിശ്വസനീയമായ” പങ്കാളിയാണോയെന്ന കാര്യത്തിൽ യുഎസ് സഖ്യകക്ഷികൾക്കിടയിൽ സംശയങ്ങൾ ഉയരുന്നുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി. ഗ്രീസിന്റെ തലസ്ഥാനമായ ഏഥൻസിൽ നടന്ന അനൗപചാരിക ഉച്ചകോടിയിൽ ഗ്രീക്ക് പ്രധാനമന്ത്രി കിറിയാക്കോസ് മിത്സോട്ടാകിസ് ഒപ്പമിരിക്കെ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്.

ഇറാനെതിരായ യുദ്ധം ഉൾപ്പെടെ ലോകമെമ്പാടുമുള്ള വിവിധ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യൂറോപ്പിന്റെ പങ്ക് കുറഞ്ഞുവരുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് മാക്രോൺ പ്രതികരിച്ചത്. “ലോകത്തിലെ പ്രധാന ശക്തിയായ യുഎസ് ചില രാജ്യങ്ങളുടെ സഖ്യകക്ഷിയായിരിക്കാം, എന്നാൽ ആ സഖ്യം എത്രത്തോളം ഉറപ്പുള്ളതാണ് എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. അതിന്റെ വിശ്വസനീയതയെ കുറിച്ച് സംശയങ്ങൾ നിലനിൽക്കുന്നു,” അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര ക്രമം ഇപ്പോൾ വലിയ സമ്മർദ്ദങ്ങൾ നേരിടുകയാണെന്നും, രണ്ട് പ്രധാന ശക്തികളുടെ നടപടികൾ അത് ദുർബലമാക്കുന്നുണ്ടെന്നും മാക്രോൺ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ യൂറോപ്യൻ യൂണിയൻ കൂടുതൽ സ്ഥിരതയുള്ള, വിശ്വസനീയമായ ഒരു ബദലായി മാറേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തിയ സൈനിക നീക്കങ്ങൾക്ക് പിന്നാലെ യൂറോപ്യൻ നാറ്റോ രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമായിട്ടുണ്ട്. യുദ്ധത്തിൽ സജീവമായി പങ്കെടുക്കാൻ താൽപര്യമില്ലാത്ത യൂറോപ്യൻ രാജ്യങ്ങളെ യുഎസ് പ്രസിഡന്റ് ട്രംപ് പലതവണ വിമർശിച്ചതും ഈ ഭിന്നതയ്ക്ക് കാരണമായി.

മറുപടി രേഖപ്പെടുത്തുക