ഇറാനെതിരായ അമേരിക്കൻ സൈനിക നടപടിയിൽ പ്രധാന നാറ്റോ സഖ്യകക്ഷികൾ പിന്തുണ നൽകാൻ തയ്യാറായില്ലെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . യൂറോപ്യൻ രാജ്യങ്ങളോടുള്ള അമേരിക്കയുടെ ദീർഘകാല സുരക്ഷാ പ്രതിബദ്ധതയ്ക്കിടയിലും ലഭിച്ച പ്രതികരണം നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
അങ്കാറയിൽ നടന്ന നാറ്റോ നേതാക്കളുടെ യോഗത്തിന് മുന്നോടിയായി മാർക്ക് റൂട്ടിനൊപ്പം സംസാരിക്കവെയാണ് ട്രംപ് വിമർശനം ഉന്നയിച്ചത്. “ഭീകരതയെ പിന്തുണയ്ക്കുന്ന പ്രധാന രാഷ്ട്രം” എന്ന് അമേരിക്ക വിശേഷിപ്പിക്കുന്ന ഇറാനെതിരെ പിന്തുണ തേടിയപ്പോൾ സഖ്യം നിർണായക ഘട്ടത്തിൽ പരാജയപ്പെട്ടുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ഇറാൻ വിഷയത്തിൽ സഹായം അഭ്യർഥിച്ച് ജർമ്മനി, ഫ്രാൻസ്, യുകെ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഇവരിൽ ആരും സൈനിക പിന്തുണ നൽകാൻ താത്പര്യം പ്രകടിപ്പിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
അമേരിക്കയ്ക്ക് സൈനിക സഹായം അനിവാര്യമല്ലായിരുന്നെങ്കിലും സഖ്യകക്ഷികളുടെ നിലപാട് വിലയിരുത്താനാണ് താൻ ശ്രമിച്ചതെന്ന് ട്രംപ് വ്യക്തമാക്കി. ചില ചെറിയ അംഗരാജ്യങ്ങൾ മാത്രമാണ് പിന്തുണ അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നാറ്റോയെ പ്രതിരോധിച്ച് സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ രംഗത്തെത്തി. ഇറാൻ നടപടിക്കിടെ യൂറോപ്യൻ സഖ്യകക്ഷികൾ അമേരിക്കയ്ക്ക് ഗണ്യമായ പ്രവർത്തന പിന്തുണ നൽകിയിട്ടുണ്ടെന്നും, സഖ്യത്തിന്റെ സഹകരണം അവഗണിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്തായാലും ട്രംപിന്റെ പരാമർശങ്ങൾ നാറ്റോ അംഗരാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള സുരക്ഷാ സഹകരണത്തെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
