സാമ്പത്തിക പ്രതിസന്ധിയിൽ പാകിസ്ഥാന് ഐഎംഎഫിന്റെ വലിയ സഹായം; 1.3 ബില്യൺ ഡോളർ അനുവദിച്ചു

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് വലിയ ആശ്വാസം. വിവിധ പദ്ധതികളുടെ അവലോകനങ്ങൾ പൂർത്തിയാക്കിയതിന് പിന്നാലെ ഏകദേശം 1.3 ബില്യൺ ഡോളർ (ഏകദേശം 12,275 കോടി രൂപ) ഫണ്ട് അനുവദിക്കാൻ ഐഎംഎഫ് എക്സിക്യൂട്ടീവ് ബോർഡ് അംഗീകാരം നൽകി.

എക്സ്റ്റെൻഡഡ് ഫണ്ട് ഫെസിലിറ്റിയും റെസിലിയൻസ് ആൻഡ് സസ്റ്റൈനബിലിറ്റി ഫെസിലിറ്റിയും ഉൾപ്പെടെയുള്ള പദ്ധതികളുടെ അവലോകനങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ഈ തീരുമാനം. ഇതോടെ EFF പ്രകാരം 1.1 ബില്യൺ ഡോളറും RSF പ്രകാരം 220 മില്യൺ ഡോളറും പാകിസ്ഥാന് ഉടൻ ലഭിക്കും. ഇതോടെ രണ്ട് പദ്ധതികളിലുമായി പാകിസ്ഥാന് ലഭിച്ച ആകെ സഹായം 4.8 ബില്യൺ ഡോളറിലെത്തി.

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യമുണ്ടായിരുന്നിട്ടും പാകിസ്ഥാൻ സാമ്പത്തിക പരിഷ്കാരങ്ങൾ തുടരുന്നതിനെ IMF പ്രശംസിച്ചു. ഇത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത മെച്ചപ്പെടുത്തുന്നതിലും വിദേശനാണ്യ സ്ഥിതി ശക്തിപ്പെടുത്തുന്നതിലും സഹായകമായതായി വിലയിരുത്തുന്നു. ഐഎംഎഫ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ നിഗൽ ക്ലാർക്ക് പാകിസ്ഥാന്റെ സാമ്പത്തിക പ്രകടനം ശക്തമാണെന്ന് അഭിപ്രായപ്പെട്ടു. 2025 ജൂണിൽ 14.5 ബില്യൺ ഡോളറായിരുന്ന വിദേശനാണ്യ കരുതൽ ഡിസംബറോടെ 16 ബില്യൺ ഡോളറായി ഉയർന്നതായും അദ്ദേഹം അറിയിച്ചു.

എന്നാൽ, അന്താരാഷ്ട്ര വിപണിയിലെ വിലവർധന മൂലം ഇന്ധനവില ഉയർന്നതും അതിന്റെ ഫലമായി പണപ്പെരുപ്പം വർധിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതിന്റെ ആവശ്യകതയും, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം, അഴിമതി വിരുദ്ധ നടപടികൾ തുടങ്ങിയ ഘടനാപരമായ പരിഷ്കാരങ്ങൾ വേഗത്തിൽ നടപ്പാക്കേണ്ടതിന്റെ പ്രാധാന്യവും ഐഎംഎഫ് ഊന്നിപ്പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക