ഹിന്ദിയിൽ അവസരങ്ങൾ ഇല്ലാത്തവരാണ് തെക്കോട്ട് പോകുന്നത് എന്നൊരു തെറ്റിദ്ധാരണ ഒരിക്കൽ ഉണ്ടായിരുന്നു: സമീര റെഡ്ഢി

തെന്നിന്ത്യൻ സിനിമകളോടുള്ള തന്റെ ആദരവും അനുഭവങ്ങളും തുറന്നുപറഞ്ഞ് നടി സമീര റെഡ്ഢി വീണ്ടും ശ്രദ്ധ നേടുന്നു. ഒരു അഭിമുഖത്തിൽ കരിയറിന്റെ തുടക്കകാല അനുഭവങ്ങൾ അവർ വിശദമായി പങ്കുവെച്ചു.

കരിയറിന്റെ ആരംഭത്തിൽ ഹിന്ദി സിനിമകളിൽ സജീവമായിരുന്ന സമയത്ത് ദക്ഷിണേന്ത്യൻ സിനിമകളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് ടീമംഗങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് സമീര പറഞ്ഞു. അന്നത്തെ കാലത്ത് “ഹിന്ദിയിൽ അവസരങ്ങൾ ഇല്ലാത്തവരാണ് തെക്കോട്ട് പോകുന്നത്” എന്ന തെറ്റിദ്ധാരണ നിലനിന്നിരുന്നുവെന്നും അവർ ഓർമ്മപ്പെടുത്തി.

എന്നാൽ, ഒരു ദക്ഷിണേന്ത്യൻ പെൺകുട്ടിയെന്ന നിലയിൽ സ്വന്തം വേരുകളെ ബഹുമാനിച്ച് ആ നിലപാട് മാറ്റിവെച്ച് അവർ തെന്നിന്ത്യൻ സിനിമകളിലേക്ക് എത്തി.ജൂനിയർ എൻടിആർ ഉൾപ്പെടെ നിരവധി താരങ്ങളോടൊപ്പം അഭിനയിച്ച അനുഭവം അവർ പങ്കുവെച്ചു. കൂടാതെ ചിരഞ്ജീവി, സൂര്യ, അജിത് എന്നിവരോടൊപ്പം പ്രവർത്തിച്ചത് തന്റെ കുടുംബത്തിനും പ്രത്യേകിച്ച് പിതാവിനും വലിയ അഭിമാനമായിരുന്നുവെന്നും അവർ പറഞ്ഞു.

ഇന്ന് ബോളിവുഡിലെ മുൻനിര നായികമാരും തെന്നിന്ത്യൻ സിനിമകളിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുന്നുവെന്ന് സമീറ അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യ, ആക്ഷൻ, കഥപറച്ചിൽ എന്നിവയിൽ പരീക്ഷണങ്ങൾ നടത്താൻ തെന്നിന്ത്യൻ സംവിധായകർ തയ്യാറാണെന്നും അതാണ് അവരുടെ സിനിമകളെ മുന്നിലെത്തിക്കുന്നതെന്നും അവർ വിലയിരുത്തി. അതേസമയം ഹിന്ദി സിനിമാ മേഖലയിൽ പലപ്പോഴും സുരക്ഷിതമായ വഴികളിലാണ് നിർമ്മാതാക്കൾ പോകുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

ഏകദേശം ഒരു പതിറ്റാണ്ടോളം വെള്ളിത്തിരയിൽ നിന്ന് വിട്ടുനിന്ന സമീര റെഡ്ഡി ഇപ്പോൾ തിരിച്ചുവരവിനൊരുങ്ങുകയാണ്. സഞ്ജയ് ദത്തിനൊപ്പം അഭിനയിക്കുന്ന ‘ആഖാരി സാവൽ’ എന്ന ചിത്രത്തിലൂടെയാണ് അവർ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്.

മറുപടി രേഖപ്പെടുത്തുക